പൊന്നില്‍ ചരിത്രമെഴുതി പൊന്നിന്‍ ചിങ്ങം, ഓ എന്തൊരു പോക്ക്‌

കൊച്ചി: സര്‍വകാല റെക്കോഡിലെത്തി സ്വര്‍ണവില അടുത്ത കുതിപ്പിനൊരുങ്ങുകയാണ്. സംസ്ഥാനത്ത് ഇന്നലെയും സ്വര്‍ണവില കൂടുക തന്നെയായിരുന്നു. ഗ്രാമിന് 20 രൂപയാണ് ഇന്നലത്തെ വര്‍ധന. ഒരു പവന്റെ വര്‍ധന 160 രൂപ. ഇതോടെ ഒരു പവന് സര്‍വകാല റെക്കോഡ് വിലയായ 77800 രൂപയിലെത്തി. എന്നാല്‍ അവിടെയും വില നങ്കൂരമിടുന്ന ലക്ഷണമേയില്ല. ഓഹരി വിപണിയുടെ തളര്‍ച്ചയ്ക്കും ട്രംപിന്റെ തലതിരിഞ്ഞ നയങ്ങള്‍ മൂലം ആഗോള വാണിജ്യ വിപണിയില്‍ നേരിടുന്ന പ്രതിസന്ധിക്കും അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമത്തിനൊക്കെ ഒപ്പിച്ച് സ്വര്‍ണവില കയറിക്കൊണ്ടേയിരിക്കുകയാണ്. പണിക്കൂലിയും നികുതിയുമെല്ലാം ചേരുമ്പോള്‍ ഒരു പവന്‍ ആഭരണത്തിന് ഇന്നലത്തെ വില 86000 രൂപയ്ക്കു മേല്‍ എത്തി.
ഇതിനൊപ്പം പ്രതിസന്ധിയിലായിരിക്കുന്നത് രണ്ടു കൂട്ടരാണ്. ചെറിയ സ്വര്‍ണക്കടകളിലൊക്കെ കച്ചവടം കുറഞ്ഞതോടെ ഓരോന്നിനായി താഴു വീണു തുടങ്ങി. വന്നിട്ടും പോയിട്ടും വലിയ സ്വര്‍ണക്കടകള്‍ മാത്രമാണ് ശേഷിക്കുന്നത്. അവര്‍ക്ക് കച്ചവടം കുറഞ്ഞാലും പിടിച്ചു നില്‍ക്കാനുള്ള പശ്ചാത്തല ധനസ്ഥിതി ഉള്ളതിനാല്‍ തല്‍ക്കാലം പ്രതിസന്ധി പുറമേ കാട്ടുന്നില്ല. എന്നാല്‍ അവര്‍ പോലും സ്വര്‍ണം വാങ്ങുന്നവര്‍ക്കും ഇഎംഐ സൗകര്യം ഏര്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളുമായി കേന്ദ്ര ധനകാര്യ മന്ത്രിയെ സമീപിച്ചു കഴിഞ്ഞു. സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ എണ്ണം കുറയുന്നതാണ് കച്ചവട സ്ഥാപനങ്ങള്‍ക്കു വിനയാകുന്നത്. വിവാഹ വിപണിയില്‍ പോലും കരിനിഴല്‍ പരത്താന്‍ സ്വര്‍ണവില കാരണമാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *