അയ്യപ്പശരണം, വിശ്വാസി തിന്തകത്തോം, ഓരോ അടവുനയം വരുന്ന വഴിയേ

തിരുവനന്തപുരം: ആറു വര്‍ഷം മുമ്പ് ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ കാട്ടിയത് എത്ര ഉത്സാഹമാണോ അതേ ഉത്സാഹത്തോടെ ഇന്നിപ്പോള്‍ അയ്യപ്പ സ്തുതിക്കും അയ്യപ്പന്റെ ബ്രഹ്മചര്യ സംരക്ഷണത്തിനു ഭരണപക്ഷം കറുപ്പുടുത്ത് കളം നിറഞ്ഞിറങ്ങുന്നത് മറ്റൊരു അടവു നയമെന്ന ആക്ഷേപം ശക്തമാകുന്നു. ആചാര സംരക്ഷണം ഇന്നു സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പരിപാടിയാകുമ്പോള്‍ ആറു വര്‍ഷം മുമ്പ് ആചാരസംരക്ഷണത്തിനായി തെരുവിലിറങ്ങിയവര്‍ കേസും തലവേദനയുമായി കോടതി കയറിക്കൊണ്ടേയിരിക്കുകയാണ്. ഇതാണ് അടവുനയം എന്ന സംശയം ബലപ്പെടുത്തുന്നത്.
ഈ മാസം 20ന് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആഗോള അയ്യപ്പസംഗമം നടക്കുകയാണ്. ഇതില്‍ എസ്എന്‍ഡിപിയും എന്‍എസ്എസുമടക്കമുള്ള സാമുദായിക സംഘടനകളെയെല്ലാം പങ്കെടുപ്പിക്കുകയും ചെയ്യുന്നു. പ്രമുഖ ഹിന്ദു സാമുദായിക സംഘടനകളെല്ലാം പരിപാടിക്കു പിന്തുണയുമായി എത്തുന്നുമുണ്ട്. ഇതൊക്കെ അയ്യപ്പനു വേണ്ടിയാണോ വരാന്‍ പോകുന്ന രണ്ടു തിരഞ്ഞെടുപ്പുകള്‍ക്കു വേണ്ടിയാണോ എന്ന സംശയമാണ് പൊതു സമൂഹത്തിലുയരുന്നത്. ആറു വര്‍ഷത്തിനിടെ മലക്കം മറിഞ്ഞ പല നിലപാടുകള്‍ക്കുമുള്ള ഈ പരിഹാരക്രിയ എത്ര ഫലം ചെയ്യുമെന്ന കാര്യത്തില്‍ മാത്രമാണ് സംശയം ബാക്കി.
ആറുവര്‍ഷം മുമ്പ് ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ നവോത്ഥാന മതില്‍ വരെ കെട്ടുകയും മതില്‍ കെട്ടുന്ന അതേ ദിവസം തന്നെ വിശ്വാസികളെന്നു പറയാന്‍ പോലും സംശയിക്കേണ്ട രണ്ടു സ്ത്രീകളെ സന്നിധാനത്തില്‍ എത്തിക്കുകയും ചെയ്ത സര്‍ക്കാര്‍ അന്നു ലക്ഷ്യം വച്ചത് മറ്റൊരു വോട്ട് ബാങ്ക്. കോവിഡിന്റെയുമൊക്കെ പശ്ചാത്തലത്തില്‍ നടന്ന കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിലുണ്ടായ സമ്മതി പിന്നീടു ചോരുന്നതാണ് എമ്പാടും കാണുന്നത്. മുസ്ലീം പ്രീണനത്തിലൂന്നിയ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആ അജണ്ട അമ്പേ പാളിയെന്നു മാത്രമല്ല, കൈവശം ഫിക്‌സഡ് ഡിപ്പോസിറ്റ പോലെ സൂക്ഷിച്ച ഈഴവവോട്ട് ബാങ്ക് ഇടയുന്ന ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തു. ഈ തിരിച്ചറിവില്‍ നിന്നു തുടങ്ങിയതാണ് ഹൈന്ദവ പ്രീണനത്തിന്റെ സമീപകാല പദ്ധതികള്‍. ഒടുവില്‍ അത് എത്തിനില്‍ക്കുന്നതു വീണ്ടും അയ്യപ്പ സന്നിധിയില്‍ തന്നെ. അങ്ങനെ കാലം കാത്തുവച്ച കാവ്യനീതി പോലെ അയ്യപ്പനില്‍ നിന്നു നടയിറങ്ങി ഒടുവില്‍ അയ്യപ്പ സന്നിധിയില്‍ തന്നെ നടകയറിയെത്തുകയും ചെയ്തിരിക്കുന്നു.
ഈ ഹൈന്ദവ പ്രീണനത്തിലെ ഇരട്ടത്താപ്പ് ഹൈന്ദവ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത് ആചാര സംരക്ഷകര്‍ക്കെതിരേ ആറു വര്‍ഷം മുമ്പെടുത്ത കേസുകളുടെ കാര്യം ചുണ്ടിക്കാട്ടിയാണ്. എട്ടും പത്തും കേസുകളാണ് ഓരോരുത്തരുടെയും പേരിലുള്ളത്. ഇവയുമായി കോടതി കയറിയിറങ്ങുന്ന നൂറു കണക്കിനാള്‍ക്കാരാണ് ഇപ്പോഴുമുള്ളത്. ഇവരുടെ കാര്യം മാറ്റിവച്ച് അയ്യപ്പനെ സംരക്ഷിക്കാന്‍ ആവേശം കൊള്ളുന്നവര്‍ ഇതേ കാര്യത്തിന് ആദ്യം ആവേശം കൊണ്ടവരെ വഴിയാധാരമാക്കുകയാണോ എന്നു ചോദിക്കുന്ന യഥാര്‍ഥ അയ്യപ്പഭക്തരും ധാരാളം.