തോമസ് സെവല്‍ പിടിയില്‍. മെല്‍ബണ്‍ കോടതിക്കു മുന്നില്‍ നാടകീയ രംഗങ്ങള്‍

മെല്‍ബണ്‍: കിങ്‌സ് ഡൊമെയിനിലെ ക്യാമ്പ് സോവറിനിറ്റിയില്‍ ഞായറാഴ്ച ആക്രമണം അഴിച്ചു വിട്ട നിയോ നാസി നേതാവ് തോമസ് സെവലിനെ അതിനാടകീയമായി പോലീസ് പിടികൂടി. മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പടിക്കെട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കോടതയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങവേ സെവലിനെ ഏതാനും പോലീസ് ഉദ്യേഗസ്ഥര്‍ വളയുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ വിലങ്ങുവച്ച് പ്രതിരോധിക്കാന്‍ അവസരം കൊടുക്കാതെ വാഹനത്തിലേക്കു കയറ്റി സ്ഥലത്തു നിന്നു കൊണ്ടുപോകുകയായിരുന്നു.
അതേ സമയം പുറത്തുണ്ടായിരുന്ന ഇയാളുടെ അനുയായികളുമായി ഇരുപത്തഞ്ചോളം വരുന്ന പോലീസ് സംഘത്തിന് ഏറ്റുമുട്ടേണ്ടി വന്നു. കറുത്ത വസ്ത്രം ധരിച്ച് നിന്നിരുന്ന അനുയായികളില്‍ രണ്ടു പേരെ പോലീസ് അടിച്ചു വീഴ്ത്തുകയും അറസ്റ്റ് ചെയ്തു മാറ്റുകയും ചെയ്തു. ഈ കാഴ്ച കൃദ്ധരായി നോക്കിനില്‍ക്കാനേ ശേഷിക്കുന്നവര്‍ക്കു സാധിച്ചുള്ളൂ. അറസ്റ്റിലായവരിലൊരാള്‍ അസഭ്യവചനമെഴുതിയ തൊപ്പിയായിരുന്നു ധരിച്ചിരുന്നത്.
മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സെവലിനെതിരായ രണ്ടു കേസുകളുടെ തുടര്‍ച്ചയായ വാദം മൂന്നു ദിവസമായി നടക്കുകയായിരുന്നു. അതിനായി കോടതിയില്‍ ഇയാളെത്തിയപ്പോഴാണ് ഞായറാഴ്ചയിലെ ആക്രമണത്തിന്റെ പേരില്‍ ഇയാളെ പോലീസിനു പിടികൂടാനായത്. തദ്ദേശീയ ജനവിഭാഗങ്ങള്‍ പവിത്രമായി കരുതുന്ന സംസ്‌കാര സ്ഥലമായ ക്യാമ്പ് സോവറിനിറ്റി ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ചയിലെ മാര്‍ച്ച് ഫോര്‍ ഓസ്‌ട്രേലിയ റാലിക്കിടെ ആക്രമിച്ചിരുന്നു.