സിഡ്‌നി: ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാന്‍ ഗവണ്‍മെന്റിന് ഉദ്ദേശ്യമൊന്നുമില്ലെന്ന് ഗവണ്‍മെന്റ് ഏജന്‍സികള്‍ വ്യക്തമാക്കുന്നു. സ്ഥിര കുടിയേറ്റത്തിനായി 1.85 ലക്ഷം അവസരങ്ങള്‍ തന്നെയായിരിക്കും ഇക്കൊല്ലവും നിലനിര്‍ത്തുക. കഴിഞ്ഞ വര്‍ഷവും ഇത്രയും അവസരങ്ങള്‍ തന്നെയാണ് സ്ഥിര കുടിയേറ്റത്തിനായി അനുവദിച്ചിരുന്നത്. ഏതെങ്കിലും തൊഴില്‍ മേഖലയില്‍ വൈദഗ്ധ്യം നേടിയവരെയായിരിക്കും സ്ഥിര കുടിയേറ്റത്തിനു പരിഗണിക്കുക.
വിവിധ സംസ്ഥാനങ്ങളുമായി കുടിയേറ്റക്കാരെ സ്വീകരിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണിപ്പോള്‍. അതിനൊപ്പം തന്നെ പുതിയ വീസകള്‍ക്കായുള്ള അപേക്ഷകളുടെ പരിശോധന ആഭ്യന്തര മന്ത്രാലയത്തില്‍ പുരോഗമിക്കുകയുമാണെന്ന് ഗവണ്‍മെന്റ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
കഴിഞ്ഞ ഞായറാഴ്ച കുടിയേറ്റ വിരുദ്ധ റാലികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയിരുന്നതിനാല്‍ ഇക്കൊല്ലത്തെ വീസകളുടെ എണ്ണം ഗവണ്‍മെന്റ് വെട്ടിക്കുറയ്ക്കുമോയെന്ന ആശങ്ക വളരെ വ്യാപകമായിരുന്നു. എന്നാല്‍ അങ്ങനെയൊരു ആലോചനയേയില്ലെന്നാണ് സര്‍ക്കാരിന്റെ പ്രതികരണം വ്യക്തമാക്കുന്നത്.
ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കു പ്രകാരം 2024 ജൂണ്‍ 30 മുതലുള്ള പന്ത്രണ്ട് മാസക്കാലത്തിനുള്ളില്‍ 4.46 ലക്ഷം കുടിയേറ്റക്കാരാണ് ഓസ്‌ട്രേലിയയില്‍ വിദേശങ്ങളില്‍ നിന്നെത്തിയിരിക്കുന്നത്. ഇവരില്‍ 2.07 ലക്ഷം പേരും താല്‍ക്കാലിക കുടിയേറ്റക്കാരായ വിദ്യാര്‍ഥികളാണ്. ഇക്കൊല്ലം 2.95 ലക്ഷം വിദ്യാര്‍ഥി വീസകളായിരിക്കും അനുവദിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി ജേസന്‍ ക്ലെയര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കുടിയേറ്റക്കാര്‍ക്ക് സ്വാഗതം, വീസകളുടെ എണ്ണം മാറ്റമില്ലാതെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍
