സോഷ്യല്‍ മീഡിയ നിയന്ത്രണം നല്ലത്, ചില പ്രശ്‌നങ്ങള്‍ ഇതോടെയാകും തുടങ്ങുക

സിഡ്‌നി: ഡിസംബര്‍ പത്തിന് ഓസ്‌ട്രേലിയയില്‍ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗത്തിന് പുതിയ ക്രമങ്ങള്‍ നിലവില്‍ വരാനിരിക്കേ ആശങ്കകളും വര്‍ധിക്കുന്നു. പതിനാറു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ മിക്കവരും സ്വാഗതം ചെയ്യുമ്പോഴും സാധാരണ ഉപയോക്താക്കള്‍ക്കു മേല്‍ അധിക പരിശോധനകള്‍ കൊണ്ടുവരുന്നതാണ് ആശങ്കയ്ക്കു കാരണമാകുന്നത്. മുതിര്‍ന്നവര്‍ക്ക് തങ്ങളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ നിലനിര്‍ത്താന്‍ വ്യക്തിഗത വിവരങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ നല്‍കേണ്ടി വരും. ഇക്കാരണത്താല്‍ സമൂഹത്തിലെ പ്രശ്‌നബാധിതരായ ആള്‍ക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാന്‍ പുതിയ നിയന്ത്രണങ്ങള്‍ ഇടയാക്കുമോയെന്നു സംശയിക്കുന്നവര്‍ ഏറെയാണ്.
കുട്ടികളെ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നു മോചിപ്പിക്കാന്‍ നിയന്ത്രണങ്ങള്‍ സഹായിക്കുമെന്നു കരുതുന്നവര്‍ പോലും ദുര്‍ബല വിഭാഗങ്ങളോട് ഈ നിയന്ത്രണങ്ങള്‍ നീതി പുലര്‍ത്തുമോയെന്നു ചിന്തിക്കുന്നവരാണെന്ന് ആര്‍എംഐടിയിലെ അസോസിയേറ്റ് ഡീന്‍ ഡാനാ മക്‌കേ പറയുന്നു. നിയന്ത്രണം നിലവില്‍ വരുന്നതനുസരിച്ച് ഓരോ അക്കൗണ്ട് ഉടമയും തങ്ങളുടെ യഥാര്‍ഥ പേരും പ്രായവും വ്യക്തമാക്കുന്ന ഔദ്യോഗിക രേഖകള്‍ സമര്‍പ്പിച്ചു വേണം അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാിയ നിലനിര്‍ത്താന്‍. ഇതിലാണ് പ്രശ്‌നമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഉദാഹരണത്തിന് തങ്ങളുടെ അക്കൗണ്ട് വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍ പെടേണ്ടെന്നു തീരുമാനിക്കുന്ന അധ്യാപകര്‍ വ്യത്യസ്തമായ പേരിലായിരിക്കും അക്കൗണ്ട് സൂക്ഷിക്കുക. അതുപോലെ എല്‍ജിബിടിക്യു വിഭാഗങ്ങളില്‍ പെടുന്നവര്‍. ഇക്കൂട്ടര്‍ക്കൊക്കെ ഫലത്തില്‍ സാമൂഹ്യ മാധ്യമ സാന്നിധ്യം തന്നെയായിരിക്കും നിഷേധിക്കപ്പെടുകയെന്ന് ഡാനാ പറയുന്നു. ഗാര്‍ഹിക പീഢനങ്ങളില്‍ നിന്നു രക്ഷപെടാന്‍ ആഗ്രഹിക്കുന്നവര്‍ പലപ്പോഴും മറുപേരിലായിരിക്കും സോഷ്യല്‍മീഡിയയില്‍ ഇടപെടുക. ഇതൊക്കെ അസാധ്യമായിത്തീരുമെന്നു മറന്നു കൂടായെന്നു അദ്ദേഹം പറയുന്നു.