തൊലിയുടെ നിറവും പിറന്ന വംശവും ആരോഗ്യരക്ഷയെ അപകടത്തിലാക്കുകയേയുള്ളൂ

സിഡ്‌നി: ആരോഗ്യ സംരക്ഷണ മേഖലയില്‍ നിറത്തിന്റെയും വംശത്തിന്റെയും പേരിലുള്ള വേര്‍തിരിവുണ്ടായാല്‍ എന്തു സംഭവിക്കും. അതിന്റെ ഫലങ്ങള്‍ ഇരകളെ കൊലയ്ക്കു കൊടുക്കുന്നതിനു തുല്യമായിരിക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ഓസ്‌ട്രേലിയന്‍ വംശീയ വേര്‍തിരിവ് കമ്മീഷണര്‍ ഗിരിധരന്‍ ശിവരാമന്‍.
ഓസ്‌ട്രേലിയന്‍ കുടിയേറ്റ ജനതയെ ഞെട്ടിച്ചു കൊണ്ട് അടുത്തയിടെ പുറത്തിറങ്ങിയ മനുഷ്യാവകാശ കമ്മീഷന്റെ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ ഒരു മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പല വംശീയ സാഹചര്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ആരോഗ്യ സംരക്ഷണ കാര്യത്തില്‍ ഏറെ ആശങ്കകളാണുള്ളതെന്നാണ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. തങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടവരാണെന്നും അരക്ഷിതരാണെന്നും പുറന്തള്ളപ്പെടുന്നവരാണെന്നുമൊക്കെയാണ് ഇക്കൂട്ടരുടെ ആശങ്കളെന്നു കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നു.
ഒരാളുടെ വംശത്തിന്റെ പേരില്‍ വൈദ്യസഹായം നിഷേധിക്കപ്പെട്ടാലും തെറ്റായ രോഗനിര്‍ണയത്തിലെത്തിയാലും സംശയദൃഷ്ടിയോടെ ചികിത്സിക്കപ്പെട്ടാലും ഉറപ്പായിട്ടും അവയുടെ അനന്തര ഫലങ്ങള്‍ മാരകമായിരിക്കുമെന്ന് ഗിരിധര്‍ ശിവരാമന്‍ മുന്നറിയിപ്പു നല്‍കുന്നു. എപ്പോഴെങ്കിലും വ്യത്യസ്ത വംശീയതകളില്‍ നിന്നു വരുന്നവര്‍ക്ക് തങ്ങള്‍ സാംസ്‌കാരികമായി സുരക്ഷിതരല്ലെന്നു തോന്നിയാല്‍ അവര്‍ വൈദ്യസഹായമേ സ്വീകരിക്കുന്നതില്‍ നിന്നു പിന്‍വാങ്ങുകയേയുള്ളൂ. അല്ലെങ്കില്‍ അവര്‍ക്ക് ആവശ്യമായ തരത്തിലുള്ള വൈദ്യസഹായം കിട്ടിയില്ലെന്നും വരാം. അതുമല്ലെങ്കില്‍ രണ്ടാമതൊരു തവണ ആശുപത്രി സന്ദര്‍ശനത്തിന് അവര്‍ വിമുഖരായേക്കാം. ഇതൊക്കെ ഗുരുതരമായ പ്രശ്‌നങ്ങളാണ്. തങ്ങള്‍ പറയുന്ന രോഗ ലക്ഷണങ്ങള്‍ ചികിത്സകര്‍ക്കു മനസിലായേക്കില്ല എന്ന തോന്നലുണ്ടാകുന്നതും അവര്‍ പറയുന്ന കാര്യങ്ങള്‍ രോഗികള്‍ക്കു മനസിലാകാതെ പോകുന്നതും വളരെ മോശമായ അവസ്ഥയായിരിക്കും സൃഷ്ടിക്കുക. ഇങ്ങനെ പല രീതികളില്‍ ആരോഗ്യ സംരക്ഷണ മേഖലയില്‍ സംഭവിക്കുന്ന വംശവേര്‍തിരിവ് അവസാനം തകര്‍ക്കുന്നത് രോഗികള്‍ക്കും ചികിത്സകര്‍ക്കും ഇടയിലുള്ള പരസ്പര വിശ്വാസമാണ്. ഗിരിധര്‍ പറയുന്നു.
അന്യ വംശീയതയില്‍ നിന്നു വരുന്നവര്‍ നേരിടുന്നതിനെക്കാള്‍ വലിയ പ്രശ്‌നമാണ് ആദിമജനവിഭാഗങ്ങള്‍ നേരിടുന്നത്. ഇക്കൂട്ടര്‍ തങ്ങളുടെ രോഗലക്ഷണങ്ങളെ ഒരിക്കലും ഗൗരവത്തോടെ എടുക്കുന്നവരേയല്ല എന്ന തെറ്റിധാരണയാണ് ചിലര്‍ക്കുള്ളത്. മറ്റു ചിലപ്പോഴാകട്ടെ വെളുപ്പല്ലാത്ത നിറത്തിലുള്ള സ്ത്രീകള്‍ അവരുടെ പ്രശ്‌നങ്ങള്‍ പറയാന്‍ തുടങ്ങുമ്പോള്‍ തന്നെ അവിശ്വാസമായിരിക്കും കേള്‍വിക്കാരായ ചികിത്സകര്‍ക്കുള്ളത്. അല്ലെങ്കില്‍ എത്രയും വേഗം അവരെ പറഞ്ഞയയ്ക്കാനുള്ള തിടുക്കം. രണ്ടും ഒരു പോലെ ഹാനികരമാണ്. ഈ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കപ്പെടണമെങ്കില്‍ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കിയേ മതിയാകൂ എന്നു ഗിരിധര്‍ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യം സംരക്ഷിക്കുന്നതു പോലെ തന്നെ പ്രധാനമാണ് അവരുടെ സംസ്‌കാരം സംരക്ഷിക്കുന്നതുമെന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു.