കയറില്‍ തൂങ്ങിയാടുന്ന യുവതിയും പാഞ്ഞെത്തിയ പോലീസും. എല്ലാം സെക്കന്‍ഡുകളില്‍…

കോഴിക്കോട്: കൃത്യസമയത്തെ പോലീസ് ഇടപെടല്‍ രക്ഷിച്ചത് ഒരു യുവതിയുടെ ജീവന്‍. ആത്മഹത്യ ചെയ്യുന്നതിനായി കയറില്‍ കഴുത്തുകോര്‍ത്ത് തൂങ്ങിയാടുന്ന സ്ത്രീയെയാണ് ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ കൃത്യസമയത്ത് വീട്ടിലെത്തിയ പോലീസ് കാണുന്നത്. ഉടന്‍ എടുത്തുയര്‍ത്തി കയറഴിച്ച് താഴെയിറക്കിയപ്പോള്‍ മരിച്ചിട്ടില്ല, പോലീസ് വാഹനം പാഞ്ഞത് മെഡിക്കല്‍ കോളജിലേക്ക്. യുവതി അത്യാസന്ന നില തരണം ചെയ്തു കഴിഞ്ഞു. കണ്ണാടിപ്പൊയില്‍ സ്വദേശിയായ യുവതിയെയാണ് പോലീസ് സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ചത്.
താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് യുവതി തന്നെയാണ് പോലീസിനെ വിളിച്ചു പറഞ്ഞത്. എന്നാല്‍ ഒരു കാര്യത്തില്‍ പിശകി. ജില്ലാ പോലീസ് മേധാവിയുടെ ഓഫിസിലേക്കാണെന്നു കരുതി വിളിച്ചത് പയ്യോളി പോലീസ് സ്‌റ്റേഷനിലേക്കായി പോയി. വിളിയിലെ വശപ്പിശക് മനസിലാക്കിയ പോലീസ് ബാലുശേരി പോലീസിനു വിവരം കൈമാറി. നമ്പരും കൊടുത്തു. ആ നമ്പരില്‍ നിന്നു വീടിന്റെ ലൊക്കേഷന്‍ സമ്പാദിച്ച് പോലീസ് കുതിക്കുന്നതിനു മിനിറ്റുകളേ വേണ്ടി വന്നുള്ളൂ. സ്‌റ്റേഷനില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരെയായിരുന്നു വീട്. ഇടിച്ചു കയറി ചെന്നപ്പോള്‍ യുവതി തൂങ്ങിയാടുന്നു. സമീപം അമ്മയെ കാണാതെ കരയുന്ന ഒമ്പതു മാസം പ്രായമുള്ള പെണ്‍കുഞ്ഞ്. എന്തായാലും കേരള പോലീസിന്റെ തൊപ്പിയില്‍ ഇങ്ങനെ ഒരു തൂവല്‍ കൂടിയായി.