ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള പൗരത്വത്തിന്റെ ഏക തെളിവായി ആധാര്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ആധാര്‍ നിയമത്തില്‍ അനുവദിക്കുന്നതിനപ്പുറമുള്ള പദവിയിലേക്ക് ആധാറിനെ ഉയര്‍ത്താനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി രാജ്യത്തെ പരമോന്നത കോടതി തള്ളിയത്. നേരത്തെയും ഇതേ രീതിയിലുള്ള ഉത്തരവ് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായിട്ടുള്ളതാണ്.
അതേ സമയം വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള തിരിച്ചറിയല്‍ രേഖയായി മറ്റു രേഖകള്‍ക്കൊപ്പം ആധാറിനെയും കണക്കാക്കാവുന്നതാണെന്ന് ജസ്റ്റിസുമാരായ സുര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബഞ്ച് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നതാണ്. അതേ ബഞ്ചിനു മുന്നില്‍ തന്നെയാണ് ചൊവ്വാഴ്ചത്തെ ഹര്‍ജിയും എത്തിച്ചേര്‍ന്നത്. ഓഗസ്റ്റ് 22ലെ ആധാര്‍ അംഗീകരിച്ചു കൊണ്ടു നടത്തിയ വിധിയില്‍ നിന്നു വ്യ്ത്യാസം വരാത്ത രീതിയിലാണ്, എന്നാല്‍ വ്യാഖ്യാനിച്ചു കൊണ്ടാണ് ഇന്നത്തെ വിധി എന്നതു ശ്രദ്ധേയം. കഴിഞ്ഞ ദിവസത്തെ വിധിയില്‍ മറ്റു രേഖകള്‍ക്കൊപ്പം ആധാര്‍ പരിഗണിക്കാമെന്നാണ് പറഞ്ഞിരുന്നതെങ്കില്‍ ഇന്നത്തെ വിധിയില്‍ ഏക തെളിവായി ആധാര്‍ പരിഗണിക്കാന്‍ സാധ്യമല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ആധാറിനെ ഏക തെളിവായി പരിഗണിക്കണമെന്ന രീതിയിലായിരുന്നു പ്രതിപക്ഷ കക്ഷികള്‍ ഹര്‍ജി സമര്പ്പിച്ചിരുന്ന്ത്. ഇതാണ് സുപ്രീം കോടതി പരിഗണിക്കാതിരുന്നത്.
ആധാര്‍ തനിയെ തെളിവാകില്ല, പലതിനൊപ്പം വച്ചാല്‍ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാം
