ന്യൂഡല്‍ഹി: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് ദേശീയ തലസ്ഥാനമായ ഡല്‍ഹി പ്രളയ ഭീഷണിയില്‍. യമുനാ നദി കരകവിഞ്ഞതിനെ തുടര്‍ന്ന് താഴ്ചയില്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളെല്ലാം വെള്ളത്തിനടിയിലായി. ജനങ്ങളുടെ വീടുകളിലേക്കും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. മഴ കനക്കുകയും വെള്ളം പൊങ്ങിത്തുടങ്ങുകയും ചെയ്തതോടെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിലമര്‍ന്നിരിക്കുകയാണ് ഡല്‍ഹി. അടുത്ത ഏതാനും ദിവസത്തേക്ക് ഡല്‍ഹിയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്.
തിങ്കളാഴ്ച വൈകുന്നേരമായപ്പോള്‍ തന്നെ ഗുരുഗ്രാം പ്രദേശത്ത് ഒരിഞ്ചു നീങ്ങാനാവാതെ വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇരുപത് കിലോമീറ്റര്‍ ദൂരത്തില്‍ വരെയാണ് വാഹനങ്ങള്‍ നിരന്നത്. ഇതോടെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. റഗുലര്‍ ക്ലാസുകള്‍ക്കു പകരം ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് വിദ്യാലയങ്ങള്‍ മാറിയിട്ടുണ്ട്. മിക്ക ഓഫീസുകളും ചൊവ്വാഴ്ച അടഞ്ഞു കിടക്കുകയാണ്. ഹരിയാനയിലെ ഹാത്‌നിക്കുണ്ഡ് ഡാമില്‍ നിന്ന് വലിയ അളവില്‍ വെള്ളം തുറന്നു വിടുന്നത് താഴന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്ക സാധ്യത ഇരട്ടിപ്പിക്കുകയാണ്. ലോഹപുല്‍ ഭാഗത്ത് ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെ ഗതാഗതം പൂര്‍ണമായി നിര്‍ത്തി വച്ച് ഷഹദാര ജില്ലാ മജിസ്‌ട്രേരറ്റ് ഉത്തരവായിട്ടുണ്ട്. ഹീറോ ഹോണ്ട ചൗക്ക്, പട്ടേല്‍ നഗര്‍, സിഗ്നേച്ചര്‍ ബ്രിഡ്ജ് തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍ തുടരുകയാണ്.
യമുനാ നദി കരകവിയുന്നു, ഡല്‍ഹി പ്രളയത്തില്‍, ഗതാഗത സ്തംഭനം തുടരുന്നു
