ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതിയില്‍ അച്ഛനും മകളും ഇടഞ്ഞു. മകള്‍ പുറത്ത്. പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖരറാവുവാണ് മകള്‍ കെ കവിതയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് പുറത്താക്കല്‍. ഭരണത്തില്‍ നിന്നു പുറത്തായതും അഴിമതിയുടെ കഥകള്‍ പുറത്തായിക്കൊണ്ടിരിക്കുന്നതും മൊത്തത്തില്‍ പാര്‍ട്ടിക്കു ക്ഷീണമായിക്കൊണ്ടിരിക്കുമ്പോഴാണ് അച്ഛനും മകളും തമ്മിലുള്ള പ്രശ്നങ്ങള്‍. നിലവില്‍ പാര്‍ട്ടിയുടെ എംഎല്‍സി മാത്രമാണ് കവിത.
സംസ്ഥാന ഭരണം പാര്‍ട്ടിക്കു നഷ്ടപ്പെട്ടതു മുതല്‍ കവിത ഇടച്ചിലിലാണ്. പാര്‍ട്ടിക്കെതിരേയും പാര്‍ട്ടിയിലെ ഉന്നതര്‍ക്കെതിരേയും നിരന്തരം വിമര്‍ശനം ഉന്നയിക്കുന്നതു പതിവാണ്. അതേ തുടര്‍ന്ന് ഇവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയേക്കുമെന്നു ശ്രുതികളുണ്ടായിരുന്നു. അതാണിപ്പോള്‍ ശരിയെന്നു വന്നിരിക്കുന്നത്.പല കാര്യങ്ങളിലും പാര്‍ട്ടി ജനങ്ങളുടെ നാവായി മാറുന്നില്ലെന്നു കവിത ആരോപിച്ചിരുന്നു. അവസാനം അച്ഛനും പാര്‍ട്ടി അധ്യക്ഷനുമായ കെസിആറിനെ പോലും പരസ്യമായി വിമര്‍ശിച്ചിരുന്നു.
പുകഞ്ഞ കൊള്ളി; മകള്‍ കവിതയെ ബിആര്‍എസില്‍ നിന്നു പുറത്താക്കി കെസിആര്‍

