ന്യൂഡല്‍ഹി: കേരളത്തിലെ ഡിജിറ്റല്‍, ടെക്നിക്കല്‍ യൂണിവേഴ്സിറ്റികളുടെ വൈസ്ചാന്‍സലര്‍ നിയമനത്തില്‍ പുതിയ പോര്‍മുഖം തുറന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ആരാണ് വൈസ് ചാന്‍സലര്‍മാരുടെ നിയമനാധികാരി എന്നതിലാണ് പുതിയ തര്‍ക്കം. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ഗവര്‍ണര്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ തയാറാക്കുന്ന ചുരുക്കപ്പട്ടികയില്‍ നിന്നൊരാളെ വൈസ് ചാന്‍സലറായി നിയമിക്കുന്നതിനായി ലിസ്റ്റ് മുഖ്യമന്ത്രിക്കു കൈമാറണമെന്നാണ് സുപ്രീംകോടതിയുടെ നിലവിലുള്ള റൂളിങ്. മുഖ്യമന്ത്രിയെ നിയമനാധികാരിയായി അംഗീകരിക്കുന്നതിനു തുല്യമാകും അത്. എന്നുമാത്രമല്ല, ഗവര്‍ണറുടെ നോമിനികളെ മുഖ്യമന്ത്രി വെട്ടുമെന്നും ഉറപ്പാണ്. അതിനാല്‍ യുജിസിയുടെ ചട്ടങ്ങളില്‍ പറയുന്നതു പോലെ ഗവര്‍ണറെ നിയമനാധികാരിയായി പ്രഖ്യാപിക്കണമെന്നും ചുരുക്കപ്പട്ടിക ഗവര്‍ണര്‍ക്കു കൈമാറണമെന്നുമാണ് ഹര്‍ജിയിലുള്ളത്.
മുഖ്യമന്ത്രിക്കു നിയമം അനുശാസിക്കുന്ന വിധത്തില്‍ സര്‍വകലാശാലകളുടെ ഭരണത്തില്‍ ഇടപെടാമെങ്കിലും വൈസ് ചാന്‍സലറുടെ കാര്യത്തില്‍ തീരുമാനം ഗവര്ണറുടേതായിരിക്കണമെന്ന് വാദത്തിനു യുജിസി ചട്ടങ്ങളുടെ പിന്‍ബലമാണുള്ളത്. ഇങ്ങനെയൊരു സാഹചര്യം വന്നാല്‍ മാത്രമാണ് ഗവര്‍ണര്‍ക്ക് സര്‍വകലാശാലകളില്‍ സ്വന്തം താല്പര്യം സംരക്ഷിക്കാന്‍ സാധിക്കൂ എന്നതാണ് ഈ നീക്കത്തിനു പിന്നിലെ കാരണം. എന്നാല്‍ മുഖ്യമന്ത്രിക്ക് ഇങ്ങനെയൊരു ആധിയില്ലാത്തത് നിലവിലുള്ള ഉത്തരവ് പ്രകാരം നിയമനാധികാരി മുഖ്യമന്ത്രി തന്നെയാണ് എന്നതുമൂലമാണ്. പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ സമാന സ്വഭാവമുള്ള തര്‍ക്കമുണ്ടായപ്പോള്‍ സുപ്രീം കോടതി നേരിട്ടു ചുരുക്കപ്പട്ടികയുണ്ടാക്കുകയും നിയമനാധികാരിയായ ഗവര്‍ണറെ നിശ്ചയിക്കുകയുമായിരുന്നു. ഇതാണ് ഇക്കാര്യത്തില്‍ കേരള ഗവര്‍ണറും മാതൃകയാക്കാന്‍ ആഗ്രഹിക്കുന്നത്.
വിസി ലിസ്റ്റുണ്ടാക്കാന്‍ കൂടിയാലും നിയമനത്തിനു മുഖ്യമന്ത്രി വേണ്ടെന്നു ഗവര്‍ണര്‍
