ക്രൈംബ്രാഞ്ച് ആശുപത്രികളില്‍ തെരയുന്നു, അലസിപ്പിച്ച ഗര്‍ഭം ഒന്നോ അതോ രണ്ടോ

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണം പുതിയൊരു ദിശയിലേക്കു കൂടി തിരിയുന്നതിന്റെ സൂചന. ഒരു യുവതിയുടെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അന്വേഷിക്കാനിറങ്ങിയ ക്രൈബ്രാഞ്ച് സംഘം ഒന്നിലധികം യുവതികള്‍ ഗര്‍ഭച്ഛിദ്രത്തിനു വിധേയരായിട്ടുണ്ടോ എന്ന അന്വേഷണത്തിലേക്കു നീങ്ങുകയാണിപ്പോള്‍. ആദ്യഘട്ടം അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ലഭിച്ച ചില സൂചനകള്‍ ഇങ്ങനെയൊരു സംശയമാണ് ജനിപ്പിക്കുന്നത്. രണ്ടു യുവതികളും തമ്മില്‍ പല കാര്യത്തിലും ബന്ധപ്പെട്ടിട്ടുമുണ്ട്.
കേരളത്തിനു പുറത്തേതോ കേന്ദ്രത്തിലായിരുന്നു ഗര്‍ഭച്ഛിദ്രമെന്നാണ് നിലവില്‍ പോലീസം സംഘം മനസിലാക്കിയിരിക്കുന്നത് ബെംഗളൂരുവിലായിരുന്നു ഇതിനായി തിരഞ്ഞെടുത്ത ആശുപത്രിയെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്. അതനുസരിച്ച് കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം സംശയിക്കപ്പെടുന്ന ആശുപത്രിയിലും എത്തിയിരുന്നു. എന്നാല്‍ അന്വേഷകരെ കുരുക്കുന്നത് ഇക്കാര്യത്തില്‍ പരാതിയൊന്നും ലഭിക്കാത്തതാണ്. പരാതി ലഭിക്കാതെ ഗര്‍ഭച്ഛിദ്ര കാര്യത്തില്‍ കേസെടുക്കാനേ സാധ്യമല്ല. ആകെക്കൂടി സ്വമേധയാ പോലീസിനു കേസെടുക്കാന്‍ സാധിക്കുന്നത് ശല്യപ്പെടുത്തിയതിനു മാത്രമാണ്. അതിന് ഇപ്പോഴേ കേസെടുത്തിട്ടുമുണ്ട്. അതിനാല്‍ പ്രസവം അലസിപ്പിക്കേണ്ടി വന്നത് ഒരു പെണ്‍കുട്ടിക്കായാലും രണ്ടു പെണ്‍കുട്ടികള്‍ക്കായാലും അവരെയെല്ലാം നേരില്‍ കണ്ട് പരാതിയുണ്ടോയെന്ന് ആരായാമെന്നാണ് പോലീസ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സമ്മര്‍ദം ചെലുത്തി പരാതി കൊടുപ്പിച്ചു എന്ന ആക്ഷേപം കേള്‍ക്കേണ്ടി വരുമോയെന്ന ആശങ്കയും അന്വേഷണ സംഘത്തിന് ഇക്കാര്യത്തിലുണ്ട്. കഴിഞ്ഞ ദിവസം തന്നെ സിപിഐയുടെ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഈ രീതിയിലുള്ള ആരോപണം ഉന്നയിച്ചു കഴിഞ്ഞു. ഇരയുണ്ടോ ഇര എന്ന മട്ടിലാണ് ഇപ്പോള്‍ ചാനലുകാരും മറ്റും നടക്കുന്നത് എന്നായിരുന്നു ശ്രീനാദേവിയുടെ ആക്ഷേപം.