മൃഗം ചോര കൊടുക്കുകയും ചോര വാങ്ങുകയും ചെയ്താലോ, മനുഷ്യരെ പോലെ

ന്യൂഡല്‍ഹി: മനുഷ്യര്‍ക്ക് രക്തം കൊടുക്കാനും സ്വീകരിക്കാനും കഴിയുന്നതു പോലെ മൃഗങ്ങള്‍ക്കും രക്തം കൊടുക്കാനും വാങ്ങാനും കഴിയുന്ന സാഹചര്യമുണ്ടാക്കാന്‍ കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരോല്‍പാദന വകുപ്പ്. മൃഗങ്ങള്‍ക്കായി രക്തബാങ്ക് എന്ന ആശയമാണ് വകുപ്പ് ഇപ്പോള്‍ മുന്നോട്ടു വച്ചിരിക്കുന്നത്. അല്ലാതെ അത്യാവശ്യ ഘട്ടത്തില്‍ മനുഷ്യരുടെ കാര്യത്തിലെന്ന പോലെ ഓടി നടന്ന് ദാതാക്കളെ കണ്ടെത്താന്‍ ബുദ്ധിമുട്ടായതുകൊണ്ടാണ് ഇങ്ങനെയൊരു നടപടിയെപ്പറ്റി ചിന്തിക്കുന്നത്. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും പ്രവര്‍ത്തന രൂപരേഖയും ലോക നായദിനമായ ഓഗസ്റ്റ് 26ന് വകുപ്പ് പുറത്തിറക്കി.
ഈ മാര്‍ഗനിര്‍ദേശമനുസരിച്ച് വെറ്ററിനറി രക്തബാങ്കുകള്‍ ആവശ്യമായ സ്ഥലങ്ങളില്‍ ആരംഭിക്കും. ഏതു മൃഗത്തിനും ഇവിടെ രക്തം നല്‍കാം. അവയുടെ ഗ്രൂപ്പ് നിര്‍ണയവും വര്‍ഗീകരണവും രക്തബാങ്കിന്റെ ഉത്തരവാദിത്വത്തില്‍ നടത്തും. ഈ രക്തം ശേഖരിച്ചു വയ്ക്കുകയും ആവശ്യക്കാരായ മൃഗങ്ങള്‍ക്കും നല്‍കുകയും ചെയ്യുന്നതാണ്. മനുഷ്യരില്‍ നിന്നു വ്യത്യസ്തമായി ഓരോ മൃഗജനുസിലും രക്തഗ്രൂപ്പുകളുടെ എണ്ണം വ്യത്യാസപ്പെട്ടിരിക്കും. ഉദാഹരണത്തിന് നായ്ക്കളില്‍ 13 അംഗീകൃത രക്തഗ്രൂപ്പുകളാണുള്ളത്. ഇതില്‍ ഡിഇഎ 1.1, 1..2, ക്ഷ എന്നിവ വളരെ പ്രധാനമാണ്. ഡിഇഎ 1.1 നെഗറ്റീവ്, 1.2 നെഗറ്റീവ്, 7 നെഗറ്റീവ് എന്നിവ സാര്‍വത്രിക ദാതാക്കളാണ്. ആര്‍ക്കും രക്തം കൊടുക്കാം.