ന്യൂഡല്‍ഹി: എഥനോള്‍ കലര്‍ന്ന പെട്രോളിന്റെ വിതരണത്തിന് സുപ്രീം കോടതിയുടെ പച്ചക്കൊടി. പെട്രോളിനൊപ്പം ഇരുപതു ശതമാനം എഥനോല്‍ അഥവാ കരിമ്പില്‍ നിന്നും മറ്റും ഉല്പാദിപ്പിക്കുന്ന ഈഥൈല്‍ ആല്‍ക്കഹോള്‍ ചേര്‍ക്കുന്നതിനെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി പറഞ്ഞതോടെ കേന്ദ്ര ഗവണ്മെന്റിനു മുന്നിലുണ്ടായിരുന്ന തടസങ്ങള്‍ നീങ്ങി. ഇപ്പോള്‍ തന്നെ രാജ്യത്തെ പമ്പുകളില്‍ ഇരുപതു ശതമാനം എഥനോള്‍ കലര്‍ന്ന പെട്രോള്‍ (ഇ20) മാത്രമാണു ലഭിക്കുന്നതെങ്കിലും ഈ സമ്പ്രദായത്തിന്റെ ഭാവി തുലാസിലായിരുന്നു. അഥവാ സുപ്രീംകോടതിയുടെ വിധി എതിരായിരുന്നുവെങ്കില്‍ വീണ്ടും പഴയ സമ്പ്രദായത്തിലേക്കു മടങ്ങേണ്ടതായി വരുമായിരുന്നു. ആ അവസ്ഥയാണ് തിങ്കളാഴ്ചത്തെ വിധിയോടെ മാറിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ബി ആര് ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന് എന്നിവരടങ്ങിയ ബഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അഭിഭാഷകനായ അക്ഷയ് മല്‍ഹോത്രയാണ് ഇ20ന് എതിരായ ഹര്‍ജിയുമായി സുപ്രീം കോടതിയിലെത്തിയത്.
ഇ20നെതിരായ പ്രചാരണത്തിനു പിന്നില്‍ വലിയൊരു ലോബി പ്രവര്‍ത്തിക്കുന്നതായി അറ്റോര്‍ണി ജനറല്‍ ആര് വെങ്കട്ടരമണി വാദത്തിനിടെ പറഞ്ഞിരുന്നു. രാജ്യത്ത് ഏതു തരം പെട്രോളാണ് ഉപയോഗിക്കേണ്ടത് രാജ്യത്തിനു പുറത്തുള്ളവരല്ലെന്നുമായിരുന്നു അറ്റോര്‍ണി ജനറലിന്റെ വാദം. ഇന്ത്യയിലെ കരിമ്പു കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇ20 മൂലം സാധിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ20ന് അനുകൂലമല്ലാത്ത എന്‍ജിനുകളാണ് 2023നു മുമ്പ് രാജ്യത്ത് ഉല്പാദിപ്പിച്ചിരുന്നതെന്നും അവയാണ് നിരത്തുകളില്‍ അധികമെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി. അനുയോജ്യമല്ലാത്ത ഇന്ധനം ഉപയോഗിക്കുക വഴി ഇത്തരം എന്‍ജിനുകളുടെ ശേഷിയും മൈലേജും കുറയുമെന്ന വാദമാണ് പ്രധാനമായും ഹര്ജിക്കാരന് ഉന്നയിച്ചത്. 2023നു മുമ്പ് നിര്‍മിച്ച വാഹനങ്ങള്‍ക്ക് എഥനോള്‍ ഇല്ലാത്ത പെട്രോള്‍ ഒരു ഓപ്ഷനായി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എഥനോള്‍ ആകാമെന്നു സുപ്രീം കോടതി, 20 ശതമാനം വരെ. കേന്ദ്രത്തിന് ആശ്വാസം
