ബെംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ പുസ്തകശേഖരങ്ങളിലൊന്നിന്റെ ഉടമയായി കര്‍ണാടകയിലെ ഒരു സാധു ഫാക്ടറി തൊഴിലാളി. ഇയാളുടെ പേര് ആംകെ ഗൗഡ. ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സില്‍ ഇടം കണ്ടെത്തിയിരിക്കുന്ന ഈ മനുഷ്യന്റെ വീടു തന്നെ വലിയൊരു പുസ്തകശേഖരമാക്കിയിരിക്കുകയാണ്. എന്നിട്ടും പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ സ്ഥലം തികയുന്നില്ല. ആകെ ഇരുപതു ലക്ഷത്തോളം പുസ്തകങ്ങളാണ് ഇയാളുടെ ശേഖരത്തിലുള്ളത്. അറിവിന്റെ ഈ മഹാലോകത്തിന് ഒരിക്കല്‍ ബസ്‌കണ്ടക്ടറും പഞ്ചസാര ഫാക്ടറി തൊഴിലാളിയുമായിരുന്ന ഗൗഡ നല്‍കിയിരിക്കുന്ന പേര് ആംകെ ഗൗഡ ജ്ഞാന പ്രതിഷ്ഠാന. കന്നടയിലുള്ള ഈ പേരിന്റെ അര്‍ഥം അറിവിന്റെ ക്ഷേത്രം. പുസ്തകങ്ങളത്രയും സ്വകാര്യ ഉപയോഗത്തിനായി സൂക്ഷിക്കുകയല്ല ഗൗഡ ചെയ്തത്. ആര്‍ക്കും കയറിവരാനും വായിക്കാനും അറിവു നേടാനും സാധിക്കുന്ന വലിയൊരു പബ്ലിക് ലൈബ്രറിയാക്കി മാറ്റിയിരിക്കുന്നു. ആരോടും ഒരു പൈസ പോലും ഫീസ് വാങ്ങാതെ ഇത്രയും പുസ്തകങ്ങളുടെ സൂക്ഷിപ്പും സംരക്ഷണവും ഇയാള്‍ സ്വയം ഏറ്റെടുത്തിരിക്കുന്നു.
മൈസൂരിലെ പാണ്ഡവപുരത്തിനടുത്തുള്ള കെന്നാലു എന്ന ഗ്രാമത്തിലാണ് ഈ അറിവിന്റെ ക്ഷേത്രം. ഇരുപത്തിരണ്ട് ഇന്ത്യന്‍ ഭാഷകളിലും നിരവധി വിദേശ ഭാഷകളിലുമുള്ള പുസ്തകങ്ങള്‍ ഈ ക്ഷേത്രത്തിലുണ്ട്. 2016ല്‍ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം പിടിച്ചതോടെയാണ് ലോകം മുഴുവന്‍ ഈ ഒറ്റയാള്‍ പുസ്തകശേഖരത്തിന്റെ കാര്യം അറിയുന്നതു തന്നെ. അന്നു മുതല്‍ ഇന്നുവരെ ഇവിടേക്ക് ഗവേഷണ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സാഹിത്യപ്രേമികളുടെയുമൊക്കെ ഒഴുക്കാണ്. എല്ലാവര്‍ക്കും സ്വാഗതമോതിക്കൊണ്ട് സദാ ഗൗഡ അവിടെയുണ്ടാകും. തന്റെ കൈയില്‍ വരുന്ന ഓരോ തുട്ടും പുതിയ പുസ്തകം വാങ്ങുന്നതിനാണ് ഈ സാധു മനുഷ്യന്‍ ചെലവാക്കുന്നത്. ഭാര്യ വിജയലക്ഷ്മിയും മകന്‍ സാഗറും ഇദ്ദേഹത്തിനൊപ്പം പൂര്‍ണ പിന്തുണയുമായുണ്ട്.
ഇരുപതു ലക്ഷം പുസ്തകങ്ങളുടെ മുതലാളി വെറുമൊരു സാധു തൊഴിലാളി
