സിഡ്‌നി: ലോകത്തിലെ ഏഴാമത്തെ മേജര്‍ മാരത്തണ്‍ എന്ന പദവിയിലേക്കുയര്‍ന്ന സിഡ്‌നി മാരത്തണ്‍ വിജയകരമായി സമാപിച്ചു. ലോകത്തിന്റെ നാനാഭാഗത്തു നിന്നെത്തിയ മുപ്പത്തയ്യായിരത്തിലധികം കായിക പ്രേമികള്‍ നാല്‍പ്പത്തിരണ്ടു കിലോമീറ്ററിലധികം വരുന്ന മാരത്തണില്‍ തങ്ങളുടെ കരളുറപ്പും പേശീബലവും പരിശോധിക്കുകയെങ്കിലും ചെയ്തു. ഏതൊരു മാമാങ്കവും തീരുമ്പോള്‍ ഒരു കണക്കെടുപ്പു നടത്തുക പതിവുണ്ടല്ലോ. സിഡ്‌നി മാരത്തണ്‍ കൊണ്ടു സിഡ്‌നി എന്തു നേടി എന്ന ചോദ്യത്തിന് പണംകൊണ്ടു നേടാനാവാത്തത്രയും പ്രശസ്തി നേടി എന്നത് ആദ്യ ഉത്തരം. ഓട്ടവുമായി നേരിട്ടു ബന്ധപ്പെട്ടു ലഭിച്ച സാമ്പത്തിക മെച്ചത്തെക്കാള്‍ എത്രയോ വലുതായിരിക്കും ഈ പ്രശസ്തി വഴി ഭാവിയില്‍ ലഭിക്കാന്‍ പോകുന്ന വരുമാന സാധ്യതകള്‍.
പ്രശസ്ത ധനകാര്യ സ്ഥാപനമായ ബ്രാന്‍ഡ് ഫിനാന്‍സിന്റെ കണക്കു പ്രകാരം ഇന്നലത്തെ മാരത്തണ്‍ കൊണ്ട് സിഡ്‌നിക്കുണ്ടായ മെച്ചം 5.4 കോടി ഡോളറിന്റെ വരുമാനമാണ്. സന്ദര്‍ശകരായി വന്നവര്‍ സിഡ്‌നിയില്‍ മുടക്കിയ പണം മുതല്‍ നേരിട്ടുള്ള മുഴുവന്‍ വരുമാനവും കൂട്ടിയുള്ള തുകയാണിത്. ഇതിന്റെ ഫലമായി അടുത്ത പത്തു വര്‍ഷം കൊണ്ട് സിഡ്‌നിയിലുണ്ടാകാന്‍ പോകുന്ന സന്ദര്‍ശകരുടെയും മറ്റും കൈയില്‍ നിന്നും ഇതേ രീതിയിലുള്ള വരുമാനം വരുമെന്നുറപ്പ്. അത് ഏറക്കുറേ 30 കോടി ഡോളറായിരിക്കുമെന്നും ബ്രാന്‍ഡ് ഫിനാന്‍സ് കണക്കു കൂട്ടുന്നു. വരുമാന സാധ്യതകളെ ബ്രാന്‍ഡ് ഫിനാന്‍സ് കണക്കാക്കുന്നത് ഇങ്ങനെയാണ്.
നേരിട്ടുള്ള വരുമാനം

സന്ദര്‍ശകര്‍ പലവിധ കാര്യങ്ങള്‍ക്കായി മുടക്കുന്ന പണം. ഹോട്ടലില്‍ മുറിയെടുക്കുന്നതും വണ്ടി വാടകയ്ക്ക് എടുക്കുന്നതും ഭക്ഷണം പണം മുടക്കി വാങ്ങുന്നതും മുതലുള്ള എല്ലാത്തരത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളും ചേരുന്ന തുകയാണിത്. ഇതിന്റെ മുഴുവന്‍ മെച്ചം കിട്ടുന്നത് സിഡ്‌നിയിലെ പ്രാദേശിക സമൂഹത്തിനാണ്.
ദീര്‍ഘകാല മെച്ചം

സിഡ്‌നി മാരത്തണ്‍ മേജര്‍ മാരത്തണായി സ്ഥാനക്കയറ്റം കിട്ടിയിരിക്കുന്നതിന്റെ മെച്ചം ചുരുങ്ങിയത് അടുത്ത പത്തു വര്‍ഷം വരെയെങ്കിലും നീണ്ടു നില്‍ക്കും. അതായത് ഇത്രയും കാലം ഇതുവഴിയുള്ള സാമ്പത്തിക മേഖലയിലെ ഉണര്‍വ് പ്രകടമായിരിക്കുമെന്നര്‍ഥം. ഇതുവഴി ചുരുങ്ങിയത് മുപ്പതു കോടി ഡോളറിന്റെ മെച്ചം സിഡ്‌നിയെ കാത്തിരിക്കുന്നു.
ടൂറിസം മേഖലയിലെ ഉണര്‍വ്

ന്യൂ സൗത്ത് വെയില്‍സിലേക്ക് അധികമായി ടൂറിസ്റ്റുകളെ കൊണ്ടുവരുന്നതിന് വലിയ ആസൂത്രണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സമയമാണിത്. എന്താണ് സിഡ്‌നി എന്നും സിഡ്‌നിയില്‍ ഏതാനും ദിനങ്ങള്‍ ചെലവഴിക്കുന്നതിന്റെ അനുഭവം എന്തായിരിക്കുമെന്നും ഒരു തിരനോട്ടം കൊടുക്കാന്‍ മാരത്തണ്‍ നിമിത്തമായി. ഇതുവഴി ടൂറിസത്തിനുണ്ടാകുന്ന മെച്ചം ഈ മേഖലയില്‍ എത്ര വികസനം കൊണ്ടുവരാനാകും എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
നീണ്ടുപോകുന്ന യാത്ര

നിലവില്‍ സിഡ്‌നിയില്‍ ഓടാനും ഓട്ടം കാണാനും എത്തിയിരിക്കുന്ന ആയിരക്കണക്കിന് ആള്‍ക്കാരുണ്ട്. അവരാരും അടുത്ത വിമാനത്തിനോ വണ്ടിക്കോ മടങ്ങാന്‍ സാധ്യതയില്ല. അതായത് അവരുടെ സിഡ്‌നി മേഖലയിലെ യാത്ര ഏതാനും ദിവസം കൂടിയെങ്കിലും തുടരും. ഇതിനിടയില്‍ നടക്കുന്ന പണവ്യയം മുഴുവന്‍ സിഡ്‌നിയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കു തന്നെയായിരിക്കും സഹായിക്കുക.