സിഡ്‌നി: വെള്ളക്കാരുടെ ഓസ്‌ട്രേലിയ എന്ന മുദ്രാവാക്യമുയര്‍ത്തി ഓസ്‌ട്രേലിയയിലെ എല്ലാ സ്‌റ്റേറ്റുകളിലും ഇന്നലെ കുടിയേറ്റ വിരുദ്ധ റാലികള്‍ നടന്നു. തീവ്ര വലതുപക്ഷ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളാണ് റാലിക്ക് ആഹ്വാനം ചെയ്തിരുന്നത്. ആയിരക്കണക്കിന് ആള്‍ക്കാരാണ് ഓരോ റാലിയും പങ്കെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതല്‍ പങ്കാളിത്തമുണ്ടായത് സിഡ്‌നിയിലാണെങ്കിലും പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് വിക്ടോറിയയുടെ തലസ്ഥാനമായ മെല്‍ബണിലാണ്.


മെല്‍ബണിലും ഇതര സ്ഥലങ്ങളിലും കുടിയേറ്റ വിരുദ്ധ റാലിക്കൊപ്പം കുടിയേറ്റത്തിന് അനുകൂലമായ റാലിയും നടന്നു. കുടിയേറ്റത്തെ സ്വാഗതം ചെയ്യുന്ന റാലിയിലും വെള്ളക്കാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആള്‍ക്കാര്‍ പങ്കെടുത്തു. പക്ഷേ, ഇതിനിടയില്‍ പലയിടത്തും ഇരു റാലിയിലും പങ്കെടുത്തവര്‍ തമ്മില്‍ ഏറ്റുമുട്ടലുകളും നടന്നു. കുടിയേറ്റക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് തദ്ദേശീയരായ ആള്‍ക്കാരുടെ തൊഴില്‍ അവസരങ്ങളും ഭവന സൗകര്യങ്ങളും ജീവിത സൗകര്യങ്ങളും കുറയുന്നുവെന്നാരോപിച്ചാണ് തീവ്ര വലതുപക്ഷ സംഘടനകള്‍ കുടിയേറ്റത്തിനെതിരെ സംഘര്‍ഷാത്മകമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഓരോ രണ്ടിലൊരു വ്യക്തിയും വിദേശിയോ വിദേശ മാതാപിതാക്കള്‍ക്കു ജനിച്ചവരോ ആണെന്ന് ഇമിഗ്രേഷന്‍ വിരുദ്ധര്‍ പറയുന്നു.
അതേ സമയം കുടിയേറ്റത്തിന് അനുകൂലമായി റാലി നടത്തിയവര്‍ സമാധാനപരമായ പ്രതിഷേധത്തിനാണ് ശ്രമിച്ചത്. മെല്‍ബണിലൊഴികെ സംഘര്‍ഷം ഉണ്ടാകാതെ പോയതും ഇക്കൂട്ടരുടെ സമചിത്തത കൊണ്ടായിരുന്നു. ഇന്നത്തെ ഓസ്‌ട്രേലിയയെ സൃഷ്ടിച്ചത് കുടിയേറ്റക്കാരാണെന്നും ഓസ്‌ട്രേലിയ ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്ന മികവിനു മുഴുവന്‍ പിന്നില്‍ കുടിയേറ്റ ജനതയുടെ അധ്വാനമാണുള്ളതെന്നും ഇമിഗ്രേഷന്‍ അനുകൂലികള്‍ പറയുന്നു. ഇമിഗ്രേഷന്‍ അനുകൂല റാലിയിലും തദ്ദേശീയരായ ജനങ്ങള്‍ വളരെയധികമുണ്ടായിരുന്നു.
മെല്‍ബണിലും സിഡ്‌നിയിലും ഉള്‍പ്പെടെ പലയിടത്തും പലസ്തീന്‍ അനുകൂല സംഘടനകളുടെ മൂന്നാമതൊരു റാലിയും കൂടി നടന്നു. സ്ഥിരമായി ഞായറാഴ്ച തോറും അക്കൂട്ടര്‍ റാലിയുമായി ഇറങ്ങുന്നതായതിനാല്‍ അത് അധികം ശ്രദ്ധിക്കപ്പെടാതെ പോയി.
സിഡ്‌നിയിലെ കുടിയേറ്റ വിരുദ്ധ റാലിയില്‍ എണ്ണായിരത്തോളം ആള്‍ക്കാരാണ് പങ്കെടുത്തതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിഡ്‌നി മാരത്തണ്‍ നടക്കുന്ന പാതകളില്‍ നിന്നു മാറിയാണ് ഇവര്‍ക്കു റാലി നടത്താനായത്. ഏതു സംഘര്‍ഷ സാഹചര്യത്തെയും നേരിടാനായി അതിശക്തമായ പോലീസ് സാന്നിധ്യം റാലിയുടെ റൂട്ടില്‍ ഉടനീളമുണ്ടായിരുന്നു. സിഡ്‌നിയിലെ റാലിയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ഓസ്‌ട്രേലിയന്‍ പതാക തന്നെയായിരുന്നു വസ്ത്രമായി ധരിച്ചിരുന്നത്.