സിഡ്‌നി മാരത്തണ്‍: കൈറോസും ഹാസനും ജേതാക്കള്‍, കേരളത്തിനും അഭിമാനിക്കാം

സിഡ്‌നി: ഇന്നലെ നടന്ന സിഡ്‌നി മാരത്തണില്‍ എത്യോപ്യയുടെ താരവും 2024ലെ പാരിസ് ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവുമായ ഹൈലേമരിയം കൈറോസ് പുരുഷ വിഭാഗത്തിലും ഡച്ച് അത്‌ലറ്റായ സിഫാന്‍ ഹാസന്‍ വനിതാ വിഭാഗത്തിലും ഒന്നാമതെത്തി. രണ്ടു മണിക്കൂര്‍ ആറു മിനിറ്റും ആറു സെക്കന്‍ഡുമെടുത്ത് കൈറോസ് ഫിനിഷ് ചെയ്തപ്പോള്‍ വനിതാ വിഭാഗത്തില്‍ ഹാസന്‍ രണ്ടു മണിക്കൂറും പതിനെട്ടു മിനിറ്റും ഇരുപത്തിരണ്ട് സെക്കന്‍ഡുമെടുത്താണ് ഫിനിഷ് ചെയ്തത്. പുരുഷ വിഭാഗത്തില്‍ ജേതാവാകുമെന്നു കരുതിയിരുന്ന രണ്ടു തവണ ഒളിമ്പിക് മെഡല്‍ ജേതാവു കൂടിയായ എല്യൂഡ് കിപ്‌ചോഗെ 33 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ പിന്നിലായി മാറി. നാല്‍പതു വയസായ കിപ്‌ചോഗെ ഓടിത്തീര്‍ക്കാനെടുത്തത് രണ്ടു മണിക്കൂര്‍ എട്ടു മിനിറ്റും മുപ്പത്തൊന്നു സെക്കന്‍ഡുമാണ്. ഒമ്പതാമതായാണ് കിപ്‌ചോഗെ ഫിനിഷ് ചെയ്യുന്നത്.
ലോകത്തിലെ മേജര്‍ മാരത്തണുകളിലൊന്നായി പ്രഖ്യാപിക്കപ്പെട്ട ശേഷം ആദ്യമായി നടക്കുന്ന ഇക്കൊല്ലത്തെ സിഡ്‌നി മാരത്തണില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുപ്പത്തയ്യായിരത്തിലധികം അത്‌ലറ്റുകളാണ് പങ്കെടുത്തത്. 42.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാരത്തണ്‍ പാത സിഡ്‌നിയിലെ ഒട്ടുമിക്ക ലാന്‍ഡ്മാര്‍ക്കുകളും പിന്നിട്ടാണ് മുന്നോട്ടു പോകുന്നത്. ഇതില്‍ കുത്തനെയുള്ള കയറ്റങ്ങളും വലിയ ഇറക്കങ്ങളുമുണ്ട്. കഠിനമായ പരിശീലനത്തിനു ശേഷം എത്തുന്ന അത്‌ലറ്റുകളുടെ പോലും ശേഷിയെ പരീക്ഷിക്കുന്ന ട്രാക്കാണിതെന്നു വിലയിരുത്തപ്പെടുന്നു. കായികതാരങ്ങള്‍ ഓടിയ റോഡിന് ഇരുപുറവുമായി ലക്ഷക്കണിക്കനാള്‍ക്കാരാണ് കാഴ്ചക്കാരായി നിരന്നത്.

കേരളത്തിനും അഭിമാനിക്കാം

മാനുവല്‍ മെഴുകനാല്‍

സിഡ്‌നി മാരത്തണില്‍ കേരളത്തിന്റെ അഭിമാനമായി മാറിയ താരങ്ങള്‍ക്കൊപ്പം മലയാളീപത്രം ലേഖകന്‍

സിഡ്‌നി മാരത്തണില്‍ കേരളത്തിന്റെ സാന്നിധ്യമായി മാറിയത് പ്രധാനമായും രണ്ടു പേര്‍, മാനുവല്‍ മെഴുകനാലും കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ ചീഫ് റേഡിയോളജിസ്റ്റും. ഇവര്‍ ഇരുവരും മുഴുവന്‍ ദൂരവും ഓടിത്തീര്‍ത്ത് കേരളത്തിന്റെ അഭിമാന താരങ്ങളായി. മലബാര്‍ മാനുവല്‍ ഗ്രൂപ്പിന്റെ സാരഥി കൂടിയാണ് മാനുവല്‍ മെഴുകനാല്‍. മലയാളീപത്രം എഡിറ്റോറിയല്‍ ടീം മാരത്തണ്‍ ഫിനിഷിങ് പോയിന്റിലെത്തി മലയാളത്തിന്റെ സാന്നിധ്യമറിയിച്ച ഇരുവരെയും അഭിനന്ദിച്ചു. ഈ മാരത്തണ്‍ ഓട്ടത്തില്‍ പങ്കെടുക്കുക എന്നതാണ് തങ്ങളുടെ കായിക ജീവിതത്തിലെ അവിസ്മരണീയമായ അനുഭവമെന്ന് ഇരുവരും പ്രതികരിച്ചു.