വിമാനം റാഞ്ചാനും മിഡില്‍ ഈസ്റ്റിലേക്ക് കടത്താനും ശ്രമം, പദ്ധതി പൊളിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയുടെ വാണിജ്യ വിമാനത്തെ ആകാശത്തു വച്ച് തട്ടിയെടുത്ത് ശത്രുതയിലായിരിക്കുന്ന ഏതെങ്കിലും മധ്യപൗരസ്ത്യ രാജ്യത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തെ തകര്‍ത്തതായി ദി ഓസ്‌ട്രേലിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പദ്ധതി തയാറാക്കിയതായി സംശയിക്കപ്പെടുവ്യക്തി പിടിയിലായിട്ടുണ്ട്. ഫെഡറല്‍ പോലീസും തീവ്രവാദ വിരുദ്ധ ടാസ്‌ക് ഫോഴ്‌സും ഇയാളെ ചോദ്യം ചെയ്തു വരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിയെ ധരിപ്പിച്ചു കഴിഞ്ഞു. ഏതെങ്കിലും ജൂതവിരുദ്ധ ശക്തികളാണോ സംഭവത്തിന്റെ പിന്നില്‍ ചോദ്യത്തോടു പ്രതികരിക്കാന്‍ അന്വേഷണ സംഘം ഇതുവരെ തയാറായിട്ടില്ല. അന്വേഷണം തീരുന്നതു വരെ കാത്തിരിക്കാനാണ് അവര്‍ ആവശ്യപ്പെടുന്നത്.
മിഡില്‍ ഈസ്റ്റിലെ ഏതോ അജ്ഞാത കേന്ദ്രത്തിലേക്കു വിമാനം കൊണ്ടു പോകുന്നതിനു മാത്രമായിരുന്നില്ല, വഴിയില്‍ വച്ച് ഇന്ധനം തീരുന്ന സാഹചര്യമുണ്ടായാല്‍ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യമൊരുക്കാന്‍ വരെ പദ്ധതി തയാറായിരുന്നുവെന്നാണ് അറിയുന്നത്. ഇതിന്റെ പേരില്‍ വിമാനയാത്രയ്ക്ക് ആരും ഭയക്കേണ്ടതില്ലെന്നും അധികൃതര്‍ ഉറപ്പു നല്‍കി.