ന്യൂഡല്‍ഹി: ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് (OCI Card) സംബന്ധമായ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഏതെങ്കിലും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതി ചേര്‍ക്കപ്പെടുകയോ ഏതെങ്കിലും ഗുരുതര സ്വഭാവമുള്ള കേസുകളില്‍ ചാര്‍ജ് ഷീറ്റ് നല്‍കപ്പെടുകയോ ചെയ്ത പ്രവാസി പൗരന്‍മാരുടെ ഓസിഐ രജിസ്‌ട്രേഷന്‍ പുതുക്കിയ നിബന്ധനകള്‍ പ്രകാരം റദ്ദാക്കപ്പെടും.
കാര്‍ഡ് റദ്ദാക്കപ്പെടുന്ന സാഹചര്യങ്ങള്‍
-ഏതെങ്കിലും രാജ്യത്തെ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുകയും രണ്ടുവര്‍ഷത്തിനു മേല്‍ കാലയളവിലേക്ക് ജയില്‍ ശിക്ഷ വിധിക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍. (അത്തരം കുറ്റം ഇന്ത്യന്‍ നിയമങ്ങളിലും ശിക്ഷിക്കത്തക്കതായിരിക്കണം).
-ഏഴു വര്‍ഷമോ അതിലധികമോ ശിക്ഷ കിട്ടാവുന്ന ഏതെങ്കിലും കേസുകളില്‍ ചാര്‍ജ് ഷീറ്റ് ലഭിച്ചിട്ടുണ്ടെങ്കില്‍. (കേസിന്റെ വിചാരണ തീരണമെന്നു നിര്‍ബന്ധമില്ല)
ഇതു വരെയുള്ള നിബന്ധനകളനുസരിച്ച് ഓസിഐ കാര്‍ഡ് ലഭിച്ച് ആദ്യ അഞ്ചു വര്‍ഷത്തിനുള്ളില്‍ പ്രതി ചേര്‍ക്കപ്പെട്ടാല്‍ മാത്രമായിരുന്നു കാര്‍ഡ് റദ്ദാകുമായിരുന്നത്. ഇനി മുതല്‍ ഒരു ഓസിഐ കാര്‍ഡ് ഉടമയുടെ ജീവിതകാലത്തില്‍ എപ്പോള്‍ ഇങ്ങനെ സംഭവിച്ചാലും കാര്‍ഡ് റദ്ദാക്കപ്പെടും.
എന്തിന് ഈ നിബന്ധനകള്‍ കൊണ്ടുവന്നിരിക്കുന്നു
-ഓസിഐ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി.
-ഇന്ത്യയിലായാലും വിദേശത്തായാലും ഓസിഐ കാര്‍ഡ് ഉടമകളുടെ പെരുമാറ്റത്തിന്റെയും ധാര്‍മിക ഉത്തരവാദിത്വത്തിന്റെയും ഉയര്‍ന്ന നിലവാരം ഉറപ്പുവരുത്തുന്നതിനു വേണ്ടി.
-ഇന്ത്യന്‍ നിയമസംഹിതയില്‍ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്ന കാര്യങ്ങള്‍ ലോകത്തെവിടെ ഇന്ത്യന്‍ പൗരന്‍മാര്‍ ചെയ്താലും അതിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്നതിലൂടെ മറ്റുരാജ്യങ്ങളുടെ പരമാധികാരത്തിനും സുരക്ഷിതത്വത്തിനും പൊതു താല്‍പര്യത്തിനും ഇന്ത്യ അര്‍ഹിക്കുന്ന വില കൊടുക്കുന്നുവെന്നു ബോധ്യപ്പെടുത്തുന്നതിനു വേണ്ടി.
ഇപ്പോഴത്തെ നയംമാറ്റം വിശാലമായൊരു നയസമീപനത്തിന്റെ ഭാഗമാണ്. കര്‍ശനമായ സൂക്ഷ്മ പരിശോധന, വര്‍ധിച്ച പ്രതിബദ്ധത എന്നിവ ഉറപ്പുവരുത്തുന്നതിലൂടെ ഓസിഐ പദവി ആരുടെയും അവകാശമല്ല, യോഗ്യതയ്ക്കനുസരിച്ച് നല്‍കപ്പെടുന്നതാണെന്ന ധാരണ സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
പ്രവാസികള്‍ക്കിടയിലെ ആശങ്കകള്‍
ഓസിഐയിലെ നിലാപാടിന്റെ മാറ്റം അത്യാവശ്യമാണെന്നു ഗവണ്‍മെന്റ് പറയുമ്പോള്‍ പോലും വിദേശങ്ങളിലെ ഇന്ത്യന്‍ സമൂഹങ്ങളില്‍ ഇത് അസ്വസ്ഥതകളാണ് സൃഷ്ടിച്ചിരിക്കുന്നത്.
-പ്രവാസികളുടെ ആത്മവിശ്വാസത്തിലുണ്ടാകുന്ന ആഘാതം. നിയമം കടുപ്പിക്കുമ്പോള്‍ ഓസിഐ കാര്‍ഡിന് അപേക്ഷിക്കുന്നതിനും ഉള്ളതു നിലനിര്‍ത്തുന്നതിലും താല്‍പര്യം കുറയും. അതുപോലെ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനും ദീര്‍ഘകാല ഇടപാടുകളില്‍ ഏര്‍പ്പെടുന്നതിനും താല്‍പര്യക്കുറവ് സൃഷ്ടിക്കും.
നടപ്പാക്കുന്നതിലെ വെല്ലുവിളികള്‍.
വിവിധ രാജ്യങ്ങളിലെ നിയമ വ്യതിയാനങ്ങള്‍: കുറ്റകൃത്യത്തിന്റെ നിര്‍വചനം, തെളിവുകളായി കണക്കാക്കുന്ന കാര്യങ്ങള്‍, തെളിവു സംബന്ധമായ മാനദണ്ഡങ്ങള്‍ എന്നിവ രാജ്യങ്ങളുമായി ബന്ധപ്പെട്ട നിയമസംഹിതകള്‍ക്കനുസൃതമായി മാറിക്കൊണ്ടിരിക്കുന്നു. അതിനാല്‍ വിദേശങ്ങളില്‍ അനുഭവിക്കേണ്ടി വരുന്ന ശിക്ഷയ്ക്കനുസരിച്ച് ഓസിഐ കാര്‍ഡ് റദ്ദാക്കപ്പെടുന്ന സാഹചര്യം സ്ഥിരസ്വഭാവമുള്ളതായിരിക്കില്ല.
വിചാരണയും വിധിയും വരുന്നതിനു മുമ്പ് ഓസിഐ കാര്‍ഡ് റദ്ദാക്കപ്പെടുന്നത് ‘ഒരാള്‍ കുറ്റവാളിയായി തെളിയുന്നതു വരെ നിരപരാധിയാണ്’ എന്ന തത്വത്തിന്റെ ലംഘനമാണ്.
അധികാരികള്‍ക്ക് വിശാലമായ വിവേചനാധികാരം നല്‍കിയിരിക്കുന്നതിനാല്‍ ഓരോ കേസും വ്യക്തിനിഷ്ഠമായി തീര്‍പ്പു കല്‍പിക്കപ്പെടുന്ന സാഹചര്യത്തിലേക്കു നയിക്കുകയേയുള്ളൂ. ഇത് നിയമത്തിന്റെ ദുരുപയോഗത്തിനു തുല്യമാകും.
ഓസിഐ ഒരു അവകാശമല്ല, നല്‍കപ്പെടുക മാത്രം ചെയ്യുന്ന കാര്യമാണെന്നു ഗവണ്‍മെന്റ് ഊന്നല്‍ നല്‍കി പറയുന്നു. അതിനാല്‍ പൗരത്വം സംരക്ഷിക്കപ്പെടുന്നതു പോലെ ഓസിഐ സംരക്ഷിക്കപ്പെടുന്നില്ല. എല്ലാ ഓസിഐ കാര്‍ഡ് ഉടമകള്‍ക്കും ഇന്ത്യയില്‍ കുടുംബപരവും സാംസ്‌കാരികവും സാമ്പത്തികവുമായ അനവധി ബന്ധങ്ങളുള്ളതാണ്. അങ്ങനെയിരിക്കെ അവരുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാതെ പോകുന്നത് അനീതിയായിരിക്കും.
നിയമ നടപടികളെ ആയുധമാക്കി മാറ്റുന്ന സാഹചര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. രാഷ്ട്രീയ പ്രേരിതമായ കുറ്റങ്ങള്‍ ചുമത്തപ്പെടുന്ന സാഹചര്യങ്ങള്‍ പലപ്പോഴും ദുര്‍ബലവിഭാഗങ്ങളെയും പ്രതിരോധ പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും ഗവണ്‍മെന്റിന്റെ വിമര്‍ശകരെയും നിശബ്ദമാക്കാനേ സഹായിക്കൂ.
സ്വതന്ത്രമായ ആശയവിനിമയത്തിനു വിഘാതം. ഓസിഐ കാര്‍ഡ് റദ്ദാക്കപ്പെടാം എന്ന സാഹചര്യം നിലനില്ക്കുന്നുവെങ്കിൽ ഗവണ്‍മെന്റ് നയങ്ങള്‍ക്കും മറ്റും എതിരായ ശബ്ദങ്ങള്‍ നിശബ്ദമാക്കപ്പെടാം. ഇത് ആരോഗ്യകരമായ അവസ്ഥയായിരിക്കില്ല സൃഷ്ടിക്കുക.