കല്‍പ്പറ്റ: രണ്ടായിരം കോടിയിലധികം രൂപ ചെലവില്‍ കിഫ്ബിയുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന വയനാട് തുരങ്കപാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു നിര്‍വഹിക്കും. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ മലയോരമേഖലകളിലെ ജനങ്ങളുടെ ചിരകാലാഭിലാഷമാണ് താമരശേരി ചുരത്തിനു ബദല്‍ പാത. പലപ്പോഴും ചുരം പ്രകൃതി ക്ഷോഭങ്ങളും മറ്റും മുഖേന അടഞ്ഞു പോകുമ്പോള്‍ വയനാട് ഒറ്റപ്പെടുന്നതു പതിവാണ്. ചുരം പാത വരുന്നതോടെ ഈ പ്രശ്‌നത്തിനും ചുരം റോഡിലെ ഗതാഗത കുരുക്കിനും പരിഹാരമാകുമെന്നു കരുതുന്നു.
ഇന്ന് ഉച്ചയ്ക്കു ശേഷം മൂന്നിന് ആനയ്ക്കാംപൊയില്‍ സെന്റ് മേരീസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് ചടങ്ങ് നടക്കുക. ഇന്ത്യയില്‍ ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തു വരുന്ന ട്വിന്‍ ട്യൂബ് ടണലായിരിക്കും തുരങ്കപാതയിലുണ്ടാകുക. കോഴിക്കോട്, വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ചാണിതു നിര്‍മിക്കുക. താമരശേരി ചുരം ഭാരവാഹനങ്ങളുടെ ഒഴുക്ക് നിമിത്തം പലപ്പോഴും ഗതാഗത തടസത്തില്‍ കുരുങ്ങാറുണ്ട്. എന്നാല്‍ തുരങ്കപാതയില്‍ ജനങ്ങളുടെ യാത്രാവശ്യത്തിനായിരിക്കും മുന്‍തൂക്കം നല്‍കുക.
സ്വപ്‌ന പദ്ധതി, വയനാട് തുരങ്കപാത, നിര്‍മാണ ഉദ്ഘാടനം ഇന്ന്
