ഷാജന്‍ സ്‌കറിയയ്ക്കു നേരേ ആക്രമണം, മുഖത്തു പരിക്ക്, ആശുപത്രിയിലാക്കി

ഇടുക്കി: മറുനാടന്‍ മലയാളി ചാനലിന്റെ എഡിറ്ററും ഉടമയുമായ ഷാജന്‍ സ്‌കറിയയ്ക്കു നേരേ ആക്രമണം. ഇന്നലെ വൈകുന്നേരം തൊടുപുഴയിലാണ് സംഭവം. ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം ഇടുക്കിയില്‍ നിന്നു മടങ്ങിവരുമ്പോള്‍ മഹീന്ദ്ര ഥാറില്‍ എത്തിയൊരു സംഘം ഷാജന്റെ കാറില്‍ മനപ്പൂര്‍വം കൊണ്ടുവന്നിടിപ്പിക്കുകയായിരുന്നു. ഷാജന്‍ ഓടിച്ചിരുന്ന കാറിന്റെ സ്റ്റിയറിങ്ങില്‍ മുഖം കുത്തി മുഖത്തു പരിക്കേറ്റു. കാറിനും കേടുപാടുകള്‍ സംഭവിച്ചു. ആക്രമിച്ചവര്‍ സ്ഥലത്തു നിന്നു കടന്നു കളഞ്ഞു. ഷാജന്‍ കല്യാണത്തിനു പങ്കെടുക്കാന്‍ എത്തിയ വിവരമറിഞ്ഞ് അക്രമികള്‍ പിന്തുടരുകയായിരുന്നെന്ന് മറുനാടന്‍ മലയാളി ചാനല്‍ ആരോപിച്ചു.
മുഖത്തു പരിക്കേറ്റ ഷാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. വധശ്രമത്തിനാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ഷാജന്‍ ആരോപിച്ചു.