കാട്ടാനയ്ക്ക് ബിയര്‍, ജിറാഫിനു ചുടു ചായ, സല്‍ക്കരിച്ച യുവാവ് കുടുക്കില്‍

നെയ്‌റോബി: ആഫ്രിക്കന്‍ കാട്ടാനയെ ബിയര്‍ കുടിപ്പിച്ച സ്പാനിഷ് യുവാവിനെതിരേ അന്വേഷണം പ്രഖ്യാപിച്ച് കെനിയന്‍ സര്‍ക്കാര്‍. താന്‍ ചെയ്ത സാഹസത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് സംഭവം ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ അന്വേഷണവും പ്രഖ്യാപിച്ചു. ഇയാളുടെ പ്രവൃത്തിക്കെതിരേ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. വന്യജീവി സങ്കേതത്തില്‍ സഞ്ചാരികളുമായി പൊരുത്തപ്പെട്ടുകഴിഞ്ഞ ആനയ്ക്കാണ് ഇയാള്‍ ബിയര്‍ സല്‍ക്കാരം നടത്തുന്നത്. ആനയെ മാത്രമല്ല കാണ്ടാമൃഗങ്ങളെയും ഇയാള്‍ സല്‍ക്കരിക്കുന്നുണ്ട്. കാരറ്റാണ് അവയ്ക്കു നല്‍കുന്നത്.
വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ വീഡിയോ ഇയാള്‍ പിന്‍വലിച്ചെങ്കിലും അതിനകം ധാരാളം പേര്‍ ഇവ ഷെയര്‍ ചെയ്തു കഴിഞ്ഞിരുന്നു. അതായത് സംഗതി കൈവിട്ടു പോയെന്നു ചുരുക്കം. കെനിയയില്‍ വന്യജീവി ടൂറിസം പ്രോത്സാഹിപ്പിക്കുന്ന @skydive_kenya എന്ന വിനോദസഞ്ചാരി ഗ്രൂപ്പിലാണ് ഇയാള്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
വീഡിയോയില്‍ ഇങ്ങനെ. കാട്ടാനയുടെ മുന്നില്‍ വച്ച് ഇയാള്‍ ബിയര്‍ കാന്‍ തുറന്നു കുടിക്കുന്നു. ഇതു കണ്ട് ആന അടുത്തേക്ക് വരുമ്പോള്‍ ഇയാള്‍ ആനയുടെ തുമ്പിക്കൈയിലൂടെ ഒഴിച്ച് ബിയര്‍ കുടിക്കാന്‍ കൊടുക്കുന്നു. ആനപ്പടം തനിച്ചല്ല ഇയാളുടെ സോഷ്യല്‍ മീഡിയ പേജിലുള്ളത്. ജിറാഫിനു ചൂടുചായ കൊടുക്കുന്നതിന്റെ പടങ്ങളുമൊക്കെയുണ്ട്.