മെറ്റയും സെലിബ്രിറ്റികളും, കളി പാളി, കണ്ടറിയണം കാര്യങ്ങളുടെ പോക്ക്

ന്യൂയോര്‍ക്ക്: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എല്ലാം സ്വന്തമായുള്ള മെറ്റയ്ക്ക് ആരെ പേടിക്കാന്‍. ആ ധൈര്യത്തിലാണ് ലോക സെലിബ്രിറ്റികളെ വച്ചൊരു കളി കളിച്ചത്. അതിപ്പോള്‍ പാളിയിരിക്കുന്നു. സെലിബ്രിറ്റി വനിതകളുടേത് എന്നു തോന്നിപ്പിക്കുന്ന തരത്തില്‍ ചാറ്റ്‌ബോട്ടുകള്‍ കളത്തിലിറക്കിയതാണ് മെറ്റയ്ക്കു കുരുക്കു തീര്‍ത്തിരിക്കുന്നത്.
ലോക പ്രശസ്ത ഗായികമാരായ ടെയ്‌ലര്‍ സ്വിഫ്റ്റ്, സെലീന ഗോമസ്, ഹോളിവുഡ് താരങ്ങളായ സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍, ആന്‍ ഹതാവേ എന്നിങ്ങനെ കുറേ സെലിബ്രിറ്റികളുടെ പേരില്‍ ചാറ്റ്‌ബോട്ട് മെറ്റയുടെ പേരില്‍ കളത്തിലിറക്കി. ഇവരുടെയാരുടെയും അറിവോ സമ്മതമോ ഇല്ലാതെ ചെയ്ത ഈ കടുംകൈ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പൊക്കി. അവര്‍ ഇക്കാര്യം വാര്‍ത്തയാക്കിയതോടെ ലോകം ഇളകിയിരിക്കുകയാണ്. ഇവ അലക്‌സ പോലെയുള്ള വെറും ചാറ്റ്‌ബോട്ടല്ല, ഇക്കിളി വര്‍ത്തമാനം പറയുന്ന ശൃംഗാര ചാറ്റ്‌ബോട്ടുകളാണ്. ലോകം മുഴുവന്‍ ഇവയെ വിളിക്കുന്നത് ഫളര്‍ട്ടി ചാറ്റ്‌ബോട്ടുകള്‍ എന്നാണ്.
സത്യത്തില്‍ മെറ്റയല്ല ഇവ നിര്‍മിച്ചിരിക്കുന്നത്. നിര്‍മിക്കുന്നവര്‍ക്ക് മെറ്റ അനുവാദം കൊടുക്കുകയാണ് ചെയ്തത്. മെറ്റയുടെ പ്ലാറ്റ്‌ഫോമും വിട്ടുകൊടുത്തു. ചാറ്റ്‌ബോട്ടുകള്‍ നിര്‍മിക്കാനുള്ള മെറ്റയുടെ ടൂളുകള്‍ ഉപയോഗിച്ച് മെറ്റയുടെ പ്ലാറ്റ്‌ഫോമില്‍ ലോകത്തിന്റെ ഏതൊക്കെയോ ഭാഗത്തു നിന്ന് ആരൊക്കെയോ ഇവ നിര്‍മിച്ച് രംഗത്തിറക്കുകയായിരുന്നു. മെറ്റയിലെ ഒരു ജീവനക്കാരന്‍ പോലുമുണ്ടാക്കി മൂന്നെണ്ണം. കുട്ടികളായ സെലിബ്രിറ്റികളുടെ പേരില്‍ പോലും ഇക്കിളി ചാറ്റ്‌ബോട്ടുണ്ടാക്കുന്നതിനു മെറ്റ കൂട്ടുനിന്നു. എന്നു മാത്രമല്ല മെറ്റയുടെ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് ഒക്കെ മുഖേനയാണ് ഇവ പ്രവര്‍ത്തിക്കുന്നതും.
താന്‍ യഥാര്‍ത്ഥ സെലിബ്രിറ്റി തന്നെയാണെന്നാണ് ശൃംഗരിക്കാന്‍ വരുന്നവരോട് ചാറ്റ്‌ബോട്ടുകള്‍ പ്രതികരിക്കുന്നതും വാദിക്കുന്നതും. പോരെങ്കില്‍ ആകെമൊത്തം ഒരു ലൈംഗിക ചുവയോടെയാണ് സംസാരം മുഴുവന്‍. വനിതാ സെലിബ്രിറ്റികളോട് ചാറ്റന്‍മാര്‍ സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെട്ടാല്‍ എഐയുടെ സഹായത്തോടെ ഏതു രൂപത്തിലുള്ള ചിത്രങ്ങള്‍ വേണമെങ്കിലും കൊടുക്കാന്‍ വരെ കഴിയുന്ന ചാറ്റ്‌ബോട്ടുകള്‍ ഇക്കൂടെയുണ്ടത്രേ.