ദേവസ്ഥാനത്തെ കുടുക്കാന്‍ രചിച്ച പീഢന കഥയ്ക്ക് രണ്ടാം ഭാഗം

കൊച്ചി: ചക്കിനു വച്ചത് കൊക്കിനു കൊണ്ടു എന്നു പറഞ്ഞതു പോലെയായി തൃശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനവുമായി ബന്ധപ്പെട്ട് ഉയര്‍ത്തിക്കൊണ്ടു വന്ന പീഢന പരാതി. കേരളത്തിലും കര്‍ണാടകത്തിലുമായി മെനഞ്ഞ പീഢന കഥ പോലീസിന്റെ ഇടപെടലില്‍ പൊളിഞ്ഞു. കുടുംബപ്രശ്‌നത്തിനു പീഢനപരാതിയിലൂടെ പ്രതികാരം ചെയ്യാനിറങ്ങിയ ബന്ധു കേസില്‍ ഒന്നാം പ്രതിയുമായി.
തൃശൂരിനടുത്തുള്ള പെരിങ്ങോട്ടുകരയിലെ പ്രസിദ്ധമായ കാനാടി ദേവസ്ഥാനത്ത് പൂജയ്‌ക്കെത്തിയ യുവതിയെ തന്ത്രി ഉണ്ണി ദാമോദരന്റെ മരുമകന്‍ ടി എ അരുണ്‍ പീഢിപ്പിച്ചെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. ബെംഗളൂരു സ്വദേശിനിയും മാസാജ് പാര്‍ലര്‍ ജീവനക്കാരിയുമായ രത്‌ന, ഇവരുടെ സഹായി മോനിക്ക, ആസൂത്രകനും പാലക്കാട് സ്വദേശിയുമായ ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തിപ്പുകാരന്‍ ശരത് മേനോന്‍, ഇയാളുടെ സഹായിമാരായ സജിത്, ആലം എന്നിവരാണ് ആസൂത്രണ സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ അഞ്ചുപേരുമാണിപ്പോള്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത്. അരുണിന്റെ സഹോദരന്റെ മകന്‍ പ്രവീണാണ് ഒന്നാം പ്രതി. ഇയാള്‍ ഒളിവിലാണ്. വ്യാജ പരാതിയില്‍ പോലീസ് ആദ്യം അറസ്റ്റ് ചെയ്തത് അരുണിനെയായിരുന്നു. നാല്‍പത്തഞ്ചു ദിവസം റിമാന്‍ഡിലായി ഇയാള്‍ ജയിലില്‍ കഴിയുകയും ചെയ്തു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പീഢനമല്ല, ഹണിട്രാപ്പായിരുന്നു കാര്യമെന്നു മനസിലാകുന്നത്.
കഥ ഇത്രയുമായപ്പോള്‍ വേറൊരു പരാതിയുമായി ദേവസ്ഥാനവും രംഗത്തിറങ്ങി. അരുണ്‍ പീഢിപ്പിക്കുകയായിരുന്നില്ല, ഇയാളെ ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നുവെന്ന് കാണിച്ച് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയ്ക്ക് ദേവസ്ഥാനം അധികൃതര്‍ പരാതി സമര്‍പ്പിച്ചു. മന്ത്രി നേരിട്ട് താല്‍പര്യമെടുത്ത് അന്വേഷിച്ചപ്പോള്‍ പാലക്കാട് സ്വദേശിയായ ശരത് മേനോനും കൂട്ടാളികളും ചേര്‍ന്ന് രത്‌നയെ ഉപയോഗിച്ച് അരുണിനെ കുടുക്കിയതിന് പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചു. അതേ തുടര്‍ന്നാണ് പരാതിക്കാര്‍ തന്നെ പ്രതികളായി മാറിയതും കുടുങ്ങിയതും. എന്തിനു വേണ്ടിയായിരുന്നു ഇവരുടെ നാടകമെന്നു തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.