രൂപ ചരിത്രത്തിലെ വലിയ തകര്‍ച്ചയില്‍, തീരുവയില്‍ ഇന്ത്യ ശ്വാസം മുട്ടുന്നുവോ

മുംബൈ: ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്കുമേല്‍ അമേരിക്ക വര്‍ധിച്ച തീരുവയും അധികത്തീരുവയും ചുമത്തിത്തുടങ്ങിയതോടെ കുത്തനെ ഇടിഞ്ഞ് ഇന്ത്യന്‍ രൂപയുടെ മൂല്യം. ഇന്നുവരെയുള്ള ചരിത്രത്തിലെ ഏറ്റവും കൂടിയ മൂല്യത്തകര്‍ച്ചയ്ക്കാണ് രൂപ വിധേയമായിരിക്കുന്നത്. ഇന്നലെ അമേരിക്കന്‍ ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം 88.33 എന്ന സര്‍വകാല താഴ്ചയിലേക്കു വീണു. ഇന്നു രാവിലെ നേരിയ തോതില്‍ വര്‍ധിച്ച് 88.15 രൂപയായി ഉയര്‍ന്നിട്ടുണ്ടെങ്കിലും പിടിച്ചു നില്‍ക്കുന്നതിന്റെ ലക്ഷണങ്ങളൊന്നു കാണിക്കുന്നില്ല. സമാനമായ എക്‌സേഞ്ച് റേറ്റ് വര്‍ധനവ് മറ്റു ശക്തമായ കറന്‍സികളുമായൊക്കെ കാണിക്കുന്നുമുണ്ട്. ഒരു ബ്രിട്ടീഷ് പൗണ്ട് കിട്ടണമെങ്കില്‍ 119.05 രൂപ കൊടുക്കണം. ഓസ്‌ട്രേലിയന്‍ ഡോളറുമായുള്ള വിനിമയ മൂല്യം നിലവില്‍ 57.66 ഇന്ത്യന്‍ രൂപയാണ്.
വെള്ളിയാഴ്ച മാത്രം ഇന്ത്യന്‍ രൂപയ്ക്ക് അമേരിക്കന്‍ ഡോളറുമായുണ്ടായ നഷ്ടം 61 പൈസയുടേതാണ്. സാധാരണയായി ഡോളറിന് വിനിമയ മൂല്യം ഉയരുമ്പോള്‍ കയറ്റുമതി വ്യവസായത്തിന് അതിന്റെ ഉണര്‍വ് കിട്ടേണ്ടതാണെങ്കിലും ഉയര്‍ന്ന താരിഫ് പ്രശ്‌നം മൂലം കയറ്റുമതി നടക്കുന്നതേയില്ല. തിരുപ്പൂരിലെ തുണിയും കാണ്‍പൂരിലെ തുകലുമെല്ലാം കയറ്റുമതി ചെയ്യപ്പെടാതെ കെട്ടിക്കിടക്കുന്നതിനാല്‍ കോടിക്കണക്കിന് ജനങ്ങള്‍ക്കു നിത്യവൃത്തി പോലും ബുദ്ധിമുട്ടാകുന്ന അവസ്ഥയും വരാന്‍ പോകുകയാണ്. ഇതെല്ലാം കൂടി അവസാനം പ്രതിഫലിക്കാന്‍ പോകുന്നത് ഇന്ത്യന്‍ ജിഡിപിയിലായിരിക്കുമെന്നു കണക്കാക്കുന്നു.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഡോളറില്‍ നടത്തിയിരിക്കുന്ന വിദേശ ഫണ്ടുകള്‍ മൊത്തത്തില്‍ പിന്‍വലിക്കുന്നതിന്റെ വില്‍പന സമ്മര്‍ദത്തിലാണ് ഓഹരി വിപണി. ഇതിന്റെ ഫലമായി ഇന്ത്യയുടെ വ്യാപാര കമ്മി മാനം മുട്ടെ ഉയരുന്ന സാഹചര്യവുമാണ്. ഇതിനെതിരേ ഫലപ്രദമായ നടപടികളൊന്നും ഗവണ്‍മെന്റ് തലത്തില്‍ ഉയരുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.