ജനങ്ങളെ കേള്‍ക്കാനും ജനങ്ങളെ അറിയിക്കാനുമായി സിറ്റിസണ്‍ കണക്ട് വരുന്നു

തിരുവനന്തപുരം: ജനങ്ങളില്‍ നിന്നു ഗവണ്‍മെന്റ് അകന്നു പോകുന്നതായ പരാതി പരിഹരിക്കാന്‍ സിറ്റിസണ്‍ കണക്ട് സെന്റര്‍ സംവിധാനം കൊണ്ടുവരാന്‍ തീരുമാനം. ഇതിനായി വെള്ളയമ്പലത്ത് എയര്‍ ഇന്ത്യയില്‍ നിന്നും ഏറ്റെടുത്ത കെട്ടിടം ഉപയോഗിക്കും. മുഖ്യമന്ത്രി എന്നോടൊപ്പം (C M with me) എന്നാണിതിനു പേര് നല്‍കിയിരിക്കുന്നത്. ഈ സംവിധാനത്തിലേക്ക് പൊതുജനങ്ങള്‍ക്ക് നേരിട്ടു ബന്ധപ്പെടാന്‍ ടോള്‍ ഫ്രീ കോള്‍ സൗകര്യവും ഏര്‍പ്പെടുത്തും. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയിലാണീ സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത്.
സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന സഹായങ്ങളും ആനുകൂല്യങ്ങളും സംബന്ധിച്ച വിവരങ്ങള്‍, വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് ഈ കേന്ദ്രത്തില്‍ നിന്നു ലഭിക്കും. അതുപോലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയുമാകാം. അടയന്തിര ഘട്ടങ്ങളില്‍ ദുരിതാശാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതു പോലെയുള്ള കാര്യങ്ങളും ഈ സംവിധാനത്തിലൂടെ നടപ്പാക്കും.