സിഡ്നി: ന്യൂ സൗത്ത് വെയില്‍സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടകളിലൊന്നാണ് കഴിഞ്ഞ ദിവസം നടക്കുന്നത്. കപ്പലില്‍ നിന്നിറക്കാന്‍ തയാറായിരുന്ന ഒരു കണ്ടെയ്നറില്‍ നിന്നു പിടികൂടിയത് 900 കിലോഗ്രാം ആംഫിറ്റമിന്‍. ഇതിനു വിപണി വിലയായി കണക്കാക്കുന്നത് 640 ലക്ഷം ഡോളര്‍. വെജിറ്റബിള്‍ സ്പ്രിംഗ് റോളുകള്‍ എന്നു രേഖപ്പെടുത്തിയ കണ്ടെയ്നറില്‍ പോര്‍ട്ട് ബോട്ടണിയിലെത്തിച്ചതാണ് ഇവ. വെളിപ്പെടുത്തിയ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം പ്ലാസ്റ്റിക് ഫിലിമുകളുടെ 600 റോളുകള്‍ കൂടിയുണ്ടായിരുന്നു. ഓരോന്നിലും അവയുടെ കോറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഒന്നര കിലോഗ്രാം വീതം ആംഫിറ്റമിന്‍ ഉണ്ടായിരുന്നത്.
ഈ കണ്ടെയ്നറിനുള്ളിലെ വസ്തുക്കളുടെ എക്സ്റേ പരിശോധനയിലാണ് ചില പൊരുത്തക്കേടുകള്‍ സംശയിക്കാനിടയാകുന്നത്. അതുകൊണ്ട് കണ്ടെയ്നറിലെ മുഴുവന്‍ വസ്തുക്കളും പുറത്തിറക്കി പരിശോധിക്കുകയായിരുന്നു. അതിലാണ് വെളിപ്പെടുത്തപ്പെട്ട വസ്തുക്കള്‍ക്കു പുറമെ അറുനൂറ് പ്ലാസ്റ്റിക് ഫിലിം റോള്‍ ബാഗുകള്‍ കൂടി കണ്ടെത്തുന്നത്. അവ മുറിച്ചു പരിശോധിച്ചപ്പോള്‍ ആംഫിറ്റമിന്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്പീഡ് എന്ന കോഡ് നാമത്തിലാണ് ആംഫിറ്റമിന്‍ ഓസ്ട്രേലിയയില്‍ അറിയപ്പെടുന്നത്. ഇത്രയും മയക്കുമരുന്ന് പുറത്തെത്തുകയായിരുന്നെങ്കില് സമൂഹത്തിനു വരുത്തുമായിരുന്ന ദ്രോഹം ഒഴിവാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് പറഞ്ഞു. കണ്ടെയ്നര്‍ ബുക്ക് ചെയ്തവര്‍ അറിയാതെ വഴിയില്‍ വച്ചാരോ നിരോധിത മയക്കുമരുന്നുകള്‍ ഉള്ളില്‍ കടത്തുകയായിരുന്നെന്നു സംശയിക്കുന്നതായി പോലീസ് പറയുന്നു.
രേഖകളില്‍ സ്പ്രിംഗ് റോളെന്നു പേര്, ഉള്ളിലുണ്ടായിരുന്നത് കണ്ട പോലീസ് ഞെട്ടി
