ഇന്ത്യക്കാരന്‍ നാലു ബോര്‍ഡ് വച്ച് വോട്ടുചോദിച്ചാല്‍ ഇങ്ങനെയൊക്കെ ആകാമോ

ഓക്‌ലന്‍ഡ്: ഗുര്‍ദീപ് തല്‍വറിന് ഒരൊറ്റ പോരായ്മയേയുള്ളൂ, ഇന്ത്യന്‍ വംശജനായി പോയി. അതിന്റെ വില കൊടുക്കേണ്ടിവരുന്നത് തിരഞ്ഞെടുപ്പിലെ പ്രചാരണത്തിനായി സ്ഥാപിച്ച ബോര്‍ഡുകളുടെ പേരിലാണ്. പടിഞ്ഞാറന്‍ ഓക്ലാന്‍ഡിലെ വൈറ്റാകെരേ ലൈസന്‍സിങ് ട്രസ്റ്റ് തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഗുര്‍ദീപ് നിയമപ്രകാരം അനുവദനീയമായ സ്ഥലത്തും രീതിയിലും സ്ഥാപിച്ചിരിക്കുന്ന പ്രചാരണ വസ്തുക്കളാണ് തുടര്‍ച്ചയായി നശിപ്പിക്കപ്പെടുന്നത്. വെറും രണ്ടു ദിവസത്തിനുള്ളില്‍ നാലു തവണയാണ് ഇവയൊക്കെ മാറ്റി പുതിയത് വയ്‌ക്കേണ്ടി വന്നത്. ആയിനത്തില്‍ ആകെ അധിക ചെലവ് രണ്ടായിരത്തിലധികം ഡോളര്‍.
വൈറ്റാകെരേയിലെ എത്‌നിക് ബോര്‍ഡ് പ്രസിഡന്റ് കൂടിയാണ് ഗുര്‍ദീപ്. ലൈസന്‍സിങ് ട്രസ്റ്റ് ബോര്‍ഡിന്റെ തിരഞ്ഞെടുപ്പില്‍ ലിങ്കണ്‍ വാര്‍ഡ് സീറ്റില്‍ നിന്നാണ് ഇയാള്‍ മത്സരിക്കുന്നത്. ട്രയാംഗിള്‍ റോഡ്, കീഗന്‍ ഡ്രൈവ്, ഡോണ്‍ ബക്ക് റോഡ് എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ എല്ലാം നശിപ്പിക്കപ്പെട്ടു. ബോര്‍ഡുകള്‍ സ്ഥാപിച്ചതും അവയ്ക്കിട്ട് പണികിട്ടാന്‍ തുടങ്ങുകയും ചെയ്തു. തിരഞ്ഞെടുപ്പ് നിയമങ്ങള്‍ പറയുന്ന എല്ലാ നിബന്ധനകളും പാലിച്ചു സ്ഥാപിച്ച ബോര്‍ഡുകള്‍ക്കാണ് പ്രശ്‌നം നേരിടുന്നതെന്നു ഗുര്‍ദീപ് പറയുന്നു. ഇതു സംബന്ധിച്ച് പോലീസില്‍ പരാതിപ്പെട്ടിരിക്കുകയാണ് ഗുര്‍ദീപ്.