കൂട്ടിലെ തത്തയുണ്ടോ നാട്ടിലെ നിയമം അറിയുന്നു, അഥവാ ഒരു വനം കടുംകൈ

കോഴിക്കോട്: നാട്ടിലെങ്ങും പാറപ്പറന്നു നടക്കുന്ന തത്തയ്ക്ക് ഇത്ര വിലയോ. കോഴിക്കോട് ജില്ലയില്‍ നരിക്കുനി ഭാഗത്തെ ഭരണിപ്പാറയില്‍ കുടുക്കില്‍ എന്ന വീട്ടുടമസ്ഥന്‍ അകപ്പെട്ടത് തത്തയുടെ പേരിലാണ്. നാടന്‍ ഇനമായ മോതിരവളയന്‍ തത്തയെ വെറും കൗതുകത്തിനു സമീപത്തെ പാടത്തില്‍ നിന്നു കെണിയൊരുക്കി പിടിക്കുകയാണ് ഇയാള്‍ ചെയ്തത്. പണ്ടു മുതലേ തത്തയെ വളര്‍ത്തുന്നതു പോലെ ഇതിനെ ഒരു കൂട്ടിലാക്കി വളര്‍ത്താനും തുടങ്ങി. സംഗതി എങ്ങനെയോ കേട്ടറിഞ്ഞ് താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും കുതിച്ചെത്തി. തത്തയെ കൂടുസഹിതം പൊക്കിയെന്നു മാത്രമല്ല, വീട്ടുടമസ്ഥന്റെ പേരില്‍ വനം നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.
1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ രണ്ട് പട്ടികയിലാണ് തത്ത ഉള്‍പ്പെടുന്നത്. ഇതിനെ പിടിക്കുന്നതു വളര്‍ത്തുന്നതും മാത്രമല്ല, തീറ്റ കൊടുക്കുന്നതു പോലും കുറ്റകരമാണ്. തത്തയെ പിടിച്ചു കൊല്ലുകയല്ല, വളര്‍ത്തുക മാത്രം ചെയ്തതിന് കേസില്‍ ഉള്‍പ്പെട്ടിരിക്കുകയാണ് വീട്ടുടമസ്ഥന്‍. ഏഴുവര്‍ഷം തടവും 25000 രൂപ പിഴയും കിട്ടാവുന്ന കേസാണ് ഇയാളുടെ പേരില്‍ ചുമത്തിയിരിക്കുന്നത്.