തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചില്‍ കത്തീറ്റര്‍ കയറ്റാനുപയോഗിച്ച ഗൈഡ് വയര്‍ മറന്നുവച്ച സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോ. രാജീവ് കുമാറിനെതിരേ കേസ്. ഐപിസി 336, 338 എന്നിവ പ്രകാരമാണ് രാജീവ് കുമാറിനെ മാത്രം പ്രതിയാക്കി കേസെടുത്തത്.
ഡോക്ടര്‍ക്കെതിരേ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഓപ്പറേഷനു വിധേയയായ കാട്ടാക്കട കിള്ളി തൊളിക്കോട്ടുകോണത്ത് റസിയ മന്‍സിലില്‍ സുമയ്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കേസെടുത്തത്. ഗൈഡ് വയര്‍ തിരിച്ചെടുക്കാനുള്ള ചികിത്സ നല്‍കുമെന്ന് ആരോഗ്യവകുപ്പ് റസിയയെ അറിയിച്ചിട്ടുണ്ട്. ഓപ്പറേഷനു മുമ്പ് ഡോക്ടര്‍ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് റസിയയുടെ ബന്ധുവും പരാതി നല്‍കിയിട്ടുണ്ട്. ശസ്ത്രക്രിയ എത്രയും വേഗം നടത്താന്‍ വേണ്ടിയായിരുന്നു പണം വാങ്ങിയത്. ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയതെന്നും മറ്റൊരു ഡോക്ടര്‍ പറഞ്ഞിട്ടാണ് രാജീവ്കുമാറിനെ കണ്ടതെന്നും കൈക്കൂലി സംബന്ധിച്ച പരാതിയില്‍ പറയുന്നു.
ചികിത്സയില്‍ പിഴവു സംഭവിച്ചതായി ഡോക്ടര്‍ സംസാരിക്കുന്ന ഫോണ്‍കോളിന്റെ ശബ്ദരേഖയും വയര്‍ മാറ്റുന്നതിനുള്ള തുടര്‍ചികിത്സയ്ക്കായി ഡോക്ടര്‍ പണം അയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടും റസിയയുടെ ബന്ധുക്കള്‍ പുറത്തു വിടുകയും ചെയ്തിരുന്നു. 2023 മാര്‍ച്ചിലാണ് റസിയയുടെ ശസ്ത്രക്രിയ നടക്കുന്നത്. തുടര്‍ന്ന് അപസ്മാര ബാധയുണ്ടായപ്പോള്‍ രക്തവും മരുന്നും ഒന്നിച്ചു നല്‍കാനായി സെന്‍ട്രല്‍ ലൈനിട്ടിരുന്നു. അതുമായി ബന്ധപ്പെട്ട ഗൈഡ് വയറാണ് ഇപ്പോള്‍ ശരീരത്തില്‍ ശേഷിക്കുന്നത്. ഇക്കൊല്ലം ഏപ്രിലില്‍ എക്‌സ്‌റേ എടുത്തപ്പോഴാണ് ഗൈഡ് വയര്‍ ഉള്ളിലുണ്ടെന്ന കാര്യം അറിയുന്നത്. അതുവരെ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ നിമിത്തം ജോലിക്കു പോലും പോകാനാവാതെ റസിയ ബുദ്ധിമുട്ടുകയായിരുന്നു.
ഓപ്പറേഷന്‍ സക്‌സസ്ഫുള്‍, ഗൈഡ് വയര്‍ ഇന്‍, ഡോക്ടര്‍ അണ്ടര്‍ അറസ്റ്റ്
