ശത്രുരാജ്യത്തിന്റെ പ്രധാനമന്ത്രി ‘അങ്കിള്‍’, തായ് പ്രധാനമന്ത്രിക്കു കസേര തെറിച്ചു

ബാങ്കോക്ക്: തായ്‌ലന്‍ഡ് പ്രധാനമന്ത്രി പെയ്‌തോങ്താന്‍ ഷിനവത്രെയെ ഭരണഘടനാ കോടതി പുറത്താക്കി. കംബോഡിയയിലെ മുന്‍ പ്രധാനമന്ത്രിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ധാര്‍മികമായ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന കാരണത്തിലാണ് ഇവരെ പുറത്താക്കുന്നത്. 2024 ഓഗസ്റ്റിലാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി പെയ്‌തോങ്താന്‍ അധികരമേറ്റത്. ഭരണണത്തിലേറുമ്പോള്‍ വെറും ഇരുപത്തിനാലു വയസായിരുന്നു പ്രായം. കേവലം ഒരു വര്‍ഷം മാത്രമാണ് ഇവര്‍ക്ക് അധികാരത്തിലിരിക്കാന്‍ സാധിച്ചത്. തായ്‌ലന്‍ഡില്‍ ബിസിനസ്, വാണിജ്യ, സാമ്പത്തിക രംഗങ്ങളില്‍ ഏറ്റവും സ്വാധീനമുള്ള ഷിനവത്ര കുടുംബത്തിലെ ഇളമുറക്കാരിയാണ് പെയ്‌തോങ്താന്‍. മൂന്നിനെതിരേ ആറു വോട്ടുകള്‍ക്കാണ് ഭരണഘടനാ കോടതി ഇവരെ പുറത്താക്കാനുള്ള തീരുമാനമെടുക്കുന്നത്.
തായ്‌ലന്‍ഡിനും കംബോഡിയയ്ക്കുമിടയിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായി നില്‍ക്കുന്ന സമയത്താണ് മുന്‍ കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ സെന്നുമായുള്ള ഇവരുടെ ടെലിഫോണ്‍ സംഭാഷണം പുറത്തു വരുന്നത്. അതില്‍ ഹുന്‍ സെന്നിനെ ഷിനവത്ര അംഭിസംബോധന ചെയ്യുന്നത് അങ്കിള്‍ എന്നാണ്. ഒരു കംബോഡിയന്‍ സൈനികന്റെ മരണത്തിനിടയാക്കിയ അതിര്‍ത്തി സംഘര്‍ഷത്തില്‍ സ്വന്തം സൈന്യത്തിനെതിരേ സംസാരിക്കുന്നതും ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഹുന്‍ സെന്നിന് എന്തെങ്കിലും വേണമെങ്കില്‍ തന്നോടു പറഞ്ഞാല്‍ മതിയെന്നും താന്‍ നോക്കിക്കൊള്ളാമെന്നുമാണ് ഷിനവത്ര പറയുന്നത്. ഈ വിവാദ പരാമര്‍ശങ്ങളായിരുന്നു കേസിന്റെ അടിസ്ഥാനമായി മാറിയത്. ഇതേ ചൊല്ലി തായ്‌ലന്‍ഡില്‍ ഏറെ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. തായ് ഭരണഘടനയനുസരിച്ച് ഉപ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കാവല്‍ മന്ത്രിസഭയ്ക്കായിരിക്കും ഇനി ചുമതല. അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതു വരെ ഈ ക്രമീകരണം തുടരുകയും വേണം. എന്നാല്‍ എത്ര നാള്‍ക്കകം പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കണമെന്നു ഭരണ ഘടന പറയുന്നുമില്ല. കേവലം ആറു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് ഷിനവത്രയുടെ ഗവണ്‍മെന്റ് നിലനില്‍ക്കുന്നത്. അതിനാല്‍ കുതിരക്കച്ചവടത്തിന്റെ നാളുകളായിരിക്കും വരികയെന്നു കരുതപ്പെടുന്നു.