എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണ്ടെന്ന് കോടതി

കണ്ണൂര്‍: കണ്ണൂരില്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിനെ മരിച്ചനിലയില്‍ കാണപ്പെട്ട കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജു നല്‍കിയ ഹര്‍ജി കണ്ണൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസില്‍ ഇരുഭാഗത്തിന്റെയും വിശദമായ വാദം നേരത്തെ കോടതി കേട്ടിരുന്നതാണ്. അതിനു ശേഷം തീരുമാനം പറയാന്‍ മാറ്റിയിരിക്കുകയായിരുന്നു. കണ്ണൂര്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കേസിന്റെ വിചാരണ തലശേരി സെഷന്‍സ് കോടതിയിലേക്കു മാറ്റുമെന്നും കേള്‍ക്കുന്നു.
നവീന്‍ ബാബു കണ്ണൂരില്‍ നിന്ന് സ്ഥലം മാറ്റം സ്വന്തം സ്ഥലമായ പത്തനംതിട്ടയിലേക്ക് ലഭിച്ച് യാത്രയാകുന്നയന്നു രാത്രിയാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. കണ്ണൂര്‍ കളക്ടറേറ്റില്‍ നവീനു യാത്രയയപ്പു നല്‍കുന്ന യോഗത്തിലേക്ക് അപ്പോള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ ക്ഷണിക്കപ്പെടാതെ കയറിവന്ന് അങ്ങേയറ്റം ആക്ഷേപകരമായ പ്രസംഗം നടത്തിയെന്നും ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചുവെന്നും തെളിവുകളോടെ സ്ഥാപിക്കപ്പെട്ടിരുന്നു. ദിവ്യ ഏര്‍പ്പാടാക്കിയ സ്വകാര്യ ടിവിയുടെ വീഡിയോഗ്രാഫര്‍ ഈ പ്രസംഗം പുറത്തുവിട്ടത് അവഹേളനാപരമായിരുന്നെന്നും സ്ഥാപിക്കപ്പെട്ടു. ഇതില്‍ മനംനൊന്ത് രാത്രി ട്രെയിനിന് സ്വദേശത്തേക്കു മടങ്ങുന്നതിനു പകരം തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. നിലവില്‍ കേസില്‍ പി പി ദിവ്യ ഒരാള്‍ മാത്രമാണ് പ്രതിസ്ഥാനത്തുള്ളത്.
അന്വേഷണ സംഘം ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ല, പക്ഷപാതപരമായ അന്വേഷണത്തില്‍ പല വസ്തുതകളും വിട്ടുകളഞ്ഞു, രാഷ്ട്രീയപരമായി പ്രതിക്ക് അനുകൂലമായി സാഹചര്യങ്ങളെ മാറ്റിയെടുത്തു, നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ചുകൊണ്ടാണ് അന്വേഷണം നടത്തിയതു തന്നെ എന്നിങ്ങനെയുള്ള ആക്ഷേപങ്ങളാണ് നിലവില്‍ നടന്ന അന്വേഷണത്തിനെതിരേ ഹര്‍ജിക്കാരി ഉന്നയിച്ചത്.