പോര്‍വിമാനങ്ങളില്‍ കേമനായ എഫ് 16 പോളണ്ടില്‍ തകര്‍ന്നു വീണു കത്തി, പൈലറ്റ് മരിച്ചു

വാഴ്‌സ: ഏറ്റവും മികച്ച പോര്‍വിമാനമെന്നു പേരുകേട്ട അമേരിക്കയുടെ എഫ് 16 വിമാനം പരിശീലന പറക്കലിനിടെ പോളണ്ടില്‍ തകര്‍ന്നു വീണു. പൈലറ്റ് മരിച്ചു. വ്യോമാഭ്യാസ പ്രകടനത്തിനുള്ള പരിശീലനത്തിലായിരുന്നു വിമാനം. വ്യാഴാള്ച മധ്യപോളണ്ടിലെ റാഡമിലാണ് സംഭവം. ഈ ആഴ്ച അവസാനം ദി റാഡം എയര്‍ഷോ എന്ന പരിപാടിക്കുള്ള പരീശീലനത്തിലായിരുന്നു വിമാനം. വിമാനം നിയന്ത്രണം വിട്ട് തകര്‍ന്നു വീഴുന്നതിന്റെയും തീഗോളമായി മാറി കത്തിയെരിയുന്നതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അപകടത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.
ഏറെ പരിചയസമ്പന്നനായ വൈമാനികനാണ് വിമാനം നിയന്ത്രിച്ചിരുന്നത്. അതിനാല്‍ പരിചയക്കുറവിന്റെ പ്രശ്‌നമാണെന്നു കരുതുന്നില്ല. വിമാനത്തിനു സാങ്കേതിക തകരാറൊന്നും ഉണ്ടായിരുന്നതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുമില്ല. പോളണ്ടില്‍ പൊസ്‌നാനിനു സമീപത്തുള്ള മുപ്പത്തൊന്നാം ടാക്ടിക്കല്‍ വ്യോമതാവളത്തില്‍ നിന്നാണ് വിമാനം കുഴപ്പമൊന്നും കൂടാതെ പറന്നുയര്‍ന്നത്. പിന്നീട് വളരെ പെട്ടെന്ന് നിയന്ത്രണം വിടുകയും നിലംപതിച്ച് അഗ്നിഗോളമായി മാറുകയുമായിരുന്നു. സംഭവം സംബന്ധിച്ച് പോളിഷ് ഗവണ്‍മെന്റ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.