തിരുവനന്തപുരം: കള്ളു വിറ്റും ഭാഗ്യം വിറ്റും മാത്രം കഞ്ഞികുടിച്ചു പോകുന്ന സംസ്ഥാനമെന്നാണ് സോഷ്യല്‍ മീഡിയയില്‍ കേരളത്തിനു നേരേ വരുന്ന ട്രോളുകള്‍. ട്രോളന്‍മാര്‍ പറയുന്നതില്‍ നല്ല തോതില്‍ നേരുണ്ടു താനും. സംസ്ഥാന ഖജനാവിലേക്ക് ഏറ്റവും വരുമാനമെത്തിക്കുന്ന രണ്ടു മേഖലകള്‍ ലോട്ടറിയും മദ്യവുമാണ്. ഒരു തരത്തില്‍ കേരളത്തിന്റെ കറവപ്പശുക്കള്‍. എന്നാല്‍ ഈ തൊഴുത്തിലേക്കു തന്നെയാണ് ജിഎസ്ടി പരിഷ്‌കരണമെന്ന പേരില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കണ്ണെറിഞ്ഞിരിക്കുന്നതും. ഈ കണ്ണേറാണ് സംസ്ഥാനത്തിന്റെ പേടിസ്വപ്‌നമായി മാറുന്നത്.
രാജ്യത്തൊട്ടാകെ ജിഎസ്ടി വന്നപ്പോള്‍ 5, 12, 18, 28 എന്നിങ്ങനെ ശതമാനക്കണക്കില്‍ നാലു സ്ലാബുകളാണുണ്ടായിരുന്നത്. ലോട്ടറിയെ തുടക്കത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത് 12 ശതമാനത്തിന്റെ സ്ലാബിലായിരുന്നെങ്കിലും 2020ല്‍ നേരേ പ്രൊമോഷന്‍ കൊടുത്ത് 28 ശതമാനത്തിന്റെ സ്ലാബിലേക്കു കയറ്റി. അതോടെ ലോട്ടറിയുടെ വില കുത്തനെ കൂട്ടേണ്ട ബാധ്യത സംസ്ഥാനത്തിന്റെയായി. അല്ലാത്ത പക്ഷം വരുമാനം കുറയുമല്ലോ. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്ലാബ് മാറ്റമാണ് ലോട്ടറിക്കു വലിയ ഭീഷണിയാകുന്നത്. ജിഎസ്ടി നാല്‍പതു ശതമാനം എന്ന തോതിലേക്കാണിതു കൂടാന്‍ പോകുന്നത്. അതായത് ലോട്ടറിയില്‍ നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു പങ്ക് കേന്ദ്രം കൊണ്ടുപോകും. സംസ്ഥാനത്തിനും കുറച്ചു കിട്ടുമെന്നു മാത്രം. എന്നാല്‍ ലോട്ടറിയുടെ വില അതിന് ആനുപാതികമായി വര്‍ധിപ്പിക്കാന്‍ സാധിക്കുകയുമില്ല. ഇതിലും വില വര്‍ധിപ്പിച്ചാല്‍ കച്ചവടം കുറയുകയായിരിക്കും ഫലം.
ജിഎസ്ടി പൊളിച്ചടുക്കിയാല്‍ ‘കറവപ്പശു’വിനും കറവ വറ്റുമോയെന്നു പേടി
