ജനങ്ങളുടെ രാജകുമാരി സ്വന്തം സ്മാരകമായി സൂക്ഷിച്ചത് സ്‌നേഹത്തിന്റെ താളം.

ലണ്ടന്‍: ബ്രിട്ടീഷ് ജനത പീപ്പിള്‍സ് പ്രിന്‍സസ് എന്നു സ്‌നേഹപൂര്‍വം വിളിച്ച് നെഞ്ചേറ്റിയ ഡയാന രാജകുമാരിയുടെ രഹസ്യ പേടകത്തിന്റെ രഹസ്യം കഴിഞ്ഞ ദിവസം അവസാനിച്ചു. കഴിഞ്ഞ 35 വര്‍ഷമായി ഭൂമിക്കടിയില്‍ കുഴിച്ചിട്ട നിലയില്‍ സൂക്ഷിച്ചിരുന്ന ചെറിയ ചെപ്പ് പുറത്തെടുത്തു തുറന്നപ്പോള്‍ അതില്‍ ആകെയുണ്ടായിരുന്നത് രാജകുമാരിയുടെ ഏതാനും വ്യക്തിപരമായ വസ്തുക്കള്‍ മാത്രം. കൈലി മിനോഗിന്റെ റിഥം ഓഫ് ലവ് അഥവാ സ്നേഹത്തിന്റെ താളം എന്ന ആല്‍ബം, ഒരു ചെറിയ പോക്കറ്റ് ടിവി, ഒരു പാസ്‌പോര്‍ട്ട്, ഒരു ദിനപത്രം. ഒരു ഫോട്ടോ ഇത്രമാത്രമാണ് രഹസ്യ പേടകത്തിലുണ്ടായിരുന്നത്.
ഇപ്പോഴത്തെ ബ്രിട്ടീഷ് രാജാവ് ചാള്‍സിന്റെ ആദ്യ ഭാര്യയും ലോകപ്രശസ്ത സുന്ദരിയുമായിരുന്ന ഡയാന ലണ്ടനിലെ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലില്‍ സൂക്ഷിക്കാനേല്‍പിച്ചിരുന്നതാണീ പേടകം. തടിയും ഈയവും കൊണ്ടു നിര്‍മിച്ച ഈ പേടകം അന്നു മുതല്‍ ഭൂമിക്കടിയില്‍ കുഴിച്ചിട്ടിരിക്കുകയായിരുന്നു. സൂക്ഷിക്കാനേല്‍പിച്ചത് 1990. അതിന്റെ തലേ വര്‍ഷമായിരുന്നു ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിന്റെ പ്രസിഡന്റായി ഡയാന നിയമിതയാകുന്നത്. അക്കാലത്താണ് ഒരു ഓർമ്മച്ചെപ്പ് എന്ന നിലയില്‍ ടൈം കാപ്‌സ്യൂള്‍ വിഭാഗത്തിലുള്ള പേടകം ആശുപത്രിയില്‍ മറവു ചെയ്തത്.
ഒരു കിന്റര്‍ ഗാര്‍ട്ടന്‍ അധ്യാപികയായിരുന്ന ഡയാന ചാള്‍സിനെ വിവാഹം ചെയതതോടെയാണ് ബ്രിട്ടീഷ് ജനതയുടെ സ്‌നേഹഭാജനവും ജനങ്ങളുടെ രാജകുമാരി എന്ന പീപ്പിള്‍സ് പ്രിന്‍സസുമായത്. 1981ലായിരുന്നു രാജകീയ വിവാഹം. എന്നാല്‍ പിന്നീട് ചാള്‍സിന്റെ പരസ്ത്രീ ബന്ധം അറിഞ്ഞതോടെ വിവാഹമോചിതയായ രാജകുമാരി പില്‍ക്കാല ജീവിതം ചാരിറ്റിയുമൊക്കെയായി കഴിയുകയായിരുന്നു.