ബ്രിസ്‌ബേന്‍: ഫിജിയില്‍ നിന്ന് ഇന്ത്യന്‍ വംശജനായ വരുണ്‍ ലാല്‍ ഓസ്‌ട്രേലിയയില്‍ എത്തിയത് സിവിൽ എന്‍ജിനിയറിങ് പഠിക്കാന്‍. പഠനം കുഴപ്പമില്ലാതെ ഒരു വശത്തു നടക്കുമ്പോള്‍ ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന് ഈ ഇരുപത്തേഴുകാരന്‍ അഭിമാനമായി മാറുന്നത് ഭാരങ്ങള്‍ പുഷ്പം പോലെ എടുത്തുയര്‍ത്തിയാണ്. ഇന്നിപ്പോള്‍ ഓസ്‌ട്രേലിയയില്‍ വെയ്റ്റ് ലിഫ്റ്റിങ്ങിന്റെ റിക്കോര്‍ഡുകള്‍ തകര്‍ത്തിരിക്കുകയാണ് ലാല്‍. അടുത്തയിടെ സമാപിച്ച കാപോ നാഷണല്‍ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ 125 കിലോഗ്രാം വിഭാഗത്തില്‍ 145 കിലോഗ്രാം എടുത്തുയര്‍ത്തി ദേശീയ റിക്കോര്‍ഡാണ് ഈ ഇന്ത്യന്‍ വംശജന്‍ സ്ഥാപിച്ചത്. ഇതുവരെ ഈയിനത്തിലുള്ള റിക്കാര്‍ഡ് പ്രകടനം 130 കിലോഗ്രാമിന്റെയായിരുന്നു. അതാണ് ലാലിനു മുന്നില്‍ തകര്‍ന്നു വീണത്.
ഈ വിജയത്തില്‍ ഏറ്റവും അതിശയകരമായ കാര്യം മറ്റൊന്നാണ്. വിദ്യാര്‍ഥിയായി ഓസ്‌ട്രേലിയയിലെത്തിയ വരുണ്‍ 2023ല്‍ മാത്രമാണ് പവര്‍ ലിഫ്റ്റിങില്‍ പരിശീലനം ആരംഭിച്ചത്. നവംബറില്‍ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടക്കാന്‍ പോകുന്ന വേള്‍ഡ് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ വരുണ്‍ ഓസ്‌ട്രേലിയയ്ക്കായി കളത്തിലിറങ്ങും. ഇതിനായി കോച്ച് ജാക്ക് വെല്‍ച്ചിനു കീഴില്‍ ഊര്‍ജിത പരിശീലനത്തിലേക്ക് കടന്നിരിക്കുകയാണിപ്പോള്‍.
ബ്രിസ്‌ബേന്‍ ചാമ്പ്യന്‍ഷിപ്പില്‍ വരുണിന്റെ പ്രകടനത്തിന് വേറെയുമുണ്ട് മികവിന്റെ തിളക്കം. സ്‌ക്വാറ്റില്‍ 200 കിലോയും ബഞ്ച് പ്രസില്‍ 145 കിലോയും ഡെഡ് ലിഫ്റ്റില്‍ 240 കിലോയുമാണ് വരുണ്‍ ഉയര്‍ത്തിയത്. ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും മികവുറ്റ വെയ്റ്റ് ലിഫ്റ്റര്‍മാരിലൊരാളായി ഇതോടെ വരുണ്‍ ലാല്‍ മാറുകയും ചെയ്തിരിക്കുന്നു.
ക്വിന്റലുകള്‍ പുഷ്പം പോലെ എടുത്തുയര്‍ത്തി വരുണ്‍ ലാല്‍ ചരിത്രമെഴുതി
