വാഷിങ്ടണ്‍: ചില വിഭാഗങ്ങളുടെ വീസയിലെ കടുംപിടുത്തം ഇതിലും കര്‍ക്കശമാക്കുവാന്‍ ഡൊണാള്‍ഡ് ട്രംപ്. വിദ്യാര്‍ഥികള്‍, മാധ്യമ പ്രവര്‍ത്തകര്‍, സാംസ്കാരിക പരിപാടികളില്‍ പങ്കെടുക്കാനെത്തുന്നവര്‍ എന്നിവരുടെ കാര്യത്തിലാണ് ഇക്കുറി പിടുത്തം മുറുക്കാന്‍ പോകുന്നത്. ബുധനാഴ്ച ഇതു സംബന്ധിച്ച് കരടു നിയമാവലി പുറത്തിറക്കി. അനുവദനീയമായ കാലത്തിനപ്പുറം താമസകാലം നീട്ടണമെങ്കില്‍ പ്രത്യേക വീസ അപേക്ഷ നല്കി മാത്രമേ ഇനിമുതല്‍ സാധിക്കൂ.
വിദ്യാര്‍ഥികളുടെ പഠന വീസ ഇനിമുതല്‍ പരമാവധി നാലു വര്‍ഷത്തേക്കു മാത്രമേ അനുവദിക്കൂ. വീസ ദുരുപയോഗം തടയുന്നതിനും ആഭ്യന്തര സുരക്ഷിതത്വം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ നീക്കമെന്ന് അധികൃതര്‍ വ്യക്തമാക്കി. 1978 മുതല്‍ നിലവിലിരിക്കുന്ന രീതിക്കാണ് ഇതോടെ മാറ്റമായിരിക്കുന്നത്. ഇതുവരെ അന്യരാജ്യവിദ്യാര്ഥികള്ക്ക് അനുവദിക്കുന്ന എഫ് വീസ കാലാവധി നിശ്ചയിക്കാതെയായിരുന്നു അനുവദിച്ചിരുന്നത്. ആ അവസ്ഥ ഇതോടെ മാറുകയാണ്. ഇതുവഴിയായി വിദ്യാര്‍ഥികള്‍ എന്ന പേരില്‍ അനിശ്ചിത കാലത്തേക്ക് അമേരിക്കയില്‍ തുടരുന്നതിനു സാധിക്കുമായിരുന്നെന്നാണ് ഗവണ്മെന്റ് വൃത്തങ്ങള്‍ പറയുന്നത്. ഇങ്ങനെ നിത്യവിദ്യാര്ഥികള് ആയിരിക്കുന്നവര്‍ ഓരോ കോഴ്സിനു തുടര്‍ച്ചയായി ചേര്‍ന്നുകൊണ്ട് അമേരിക്കയില്‍ തന്നെ തുടരുകയായിരുന്നത്രേ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ കരട് സര്‍ക്കുലര്‍ പ്രകാരം ഏതു കോഴ്സിന് പ്രവേശനം നേടിയാണോ അമേരിക്കയിലെത്തുന്നത് ആ കോഴ്സിന്റെ കാലാവധി കഴിഞ്ഞാല്‍ രാജ്യം വിട്ടു പോകേണ്ടതുണ്ട്. ഇതു തന്നെ പരമാവധി നാലു വര്‍ഷമായി നിശ്ചയിച്ചിരിക്കുന്നു.
വിവിധ സാംസ്കാരിക വിനിമയ പരിപാടികളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കും ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. ഏതു പരിപാടിയുടെ പേരിലാണോ അമേരിക്കയിലെത്തുന്നത് ആ പരിപാടി കഴിഞ്ഞാലുടന്‍ അവരും രാജ്യം വിടണം.
അടുത്തതായി പിടുത്തം വീണിരിക്കുന്നത് മാധ്യമപ്രവര്‍ത്തകര്‍ക്കാണ്. വിദേശ മാധ്യമപ്രവര്‍ത്തകര്‍ തൊഴില്‍ പരമായ പോസ്റ്റിങ് കിട്ടി അമേരിക്കയിലെത്തുകയാണെങ്കില് പോലും ആദ്യഘട്ടത്തില്‍ വീസ അനുവദിക്കുന്നത് 240 ദിവസത്തേക്ക് മാത്രമായിരിക്കും. അതിനു ശേഷം ജോലിയില്‍ തുടരണമെങ്കില്‍ പുതിയതായി അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. അപ്പോഴും അടുത്ത 240 ദിവസത്തേക്കു മാത്രമായിരിക്കും വീസ അനുവദിക്കുക.
2020ല്‍ ഡൊണാള്‍ഡ് ട്രംപ് ആദ്യം ഭരണത്തിലിരുന്നപ്പോഴേ ഇത്തരത്തില്‍ വീസ നിയന്ത്രണത്തിനു ശ്രമിച്ചിരുന്നതാണെങ്കിലും പിന്നീട് ബൈഡന് അധികാരത്തിലെത്തിയപ്പോള്‍ ആ നീക്കം ഉപേക്ഷിച്ചിരുന്നു. ഇക്കുറി കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ അതേ കാര്യം ട്രംപ് നടപ്പാക്കുകയാണിപ്പോള്‍.
വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍: വീസയ്ക്ക് അമേരിക്കയില്‍ കര്‍ശന നിയന്ത്രണം
