ദുബായ്: വിദേശ രാജ്യങ്ങളില്‍ നിന്ന് സിബിഎസ്ഇ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനിരുന്ന വിദ്യാര്‍ഥികളെ ഏറെ ആശങ്കയിലാഴ്ത്തിയിരുന്ന അപാര്‍ ഐഡി പ്രതിസന്ധിക്ക് പരിഹാരം. ഇക്കൊല്ലം പരീക്ഷയെഴുതാന്‍ രജിസ്റ്റര്‍ ചെയ്യാന്‍ അപാര്‍ ഐഡി ആവശ്യമില്ലെന്നു സിബിഎസ്ഇ ഉത്തരവ് പുറത്തിറക്കി. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. സിബിഎസ്ഇയില് നിന്ന് ഇത്തരത്തില്‍ മാര്‍ഗനിര്‍ദേശം ലഭിച്ചതായി വിവിധ സ്കൂളുകളുടെ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ രജിസ്ട്രേഷന് അപാര്‍ ഐഡി നിര്‍ബന്ധമാക്കി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം ഒട്ടനവധി വിദ്യാര്‍ഥികളെ സമ്മര്‍ദത്തിലാഴ്ത്തിയിരുന്നു. അപാര്‍ രജിസ്ട്രേഷന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. സ്ഥിരമായി വിദേശ വിദ്യാലയങ്ങളില്‍ പഠിച്ചു പോരുന്ന നല്ലൊരു പങ്ക് വിദ്യാര്‍ഥികള്‍ക്കും ആധാര്‍ കാര്‍ഡ് ഇല്ലെന്നതാണ് വാസ്തവം. ഈ സാഹചര്യത്തിലാണ് അപാര്‍ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് സംബന്ധിച്ച് രക്ഷിതാക്കള്‍ ആശങ്കകള്‍ ഉന്നയിച്ചിരുന്നത്. ആധാര്‍ നമ്പര്‍ പോലെ വിദ്യാര്‍ഥികളുടെ പഠനവുമായി ബന്ധപ്പെട്ട തിരിച്ചല്‍ നമ്പരാണ് അപാര്‍ നമ്പര്‍.
ഇന്നു മുതലാണ് സിബിഎസ്ഇ ബോര്‍ഡ് പരീക്ഷയുടെ എല്‍ഓസി (ലിസ്റ്റ് ഓഫ് കാന്‍ഡിഡേറ്റ്സ്) ആരംഭിക്കുന്നത്. അതതു രാജ്യങ്ങളിലെ ഭരണപരമായ കാര്യങ്ങളും നിയമങ്ങളും മുന്‍നിര്‍ത്തി വിദേശത്തുള്ള സിബിഎസ്ഇ സ്കൂളുകളെ അപാര്‍ ഐഡി രജിസ്ട്രേഷനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സര്‍ക്കുലറില്‍ സിബിഎസ്ഇ വ്യക്തമാക്കി. കഴിഞ്ഞ ജനുവരിയില്‍ അപാര്‍ നിര്‍ബന്ധമാക്കി പുറപ്പെടുവിച്ച സര്‍ക്കുലറാണ് ഇതോടെ ബാധകമല്ലാതായത്.
പ്രവാസി വിദ്യാര്‍ഥികള്‍ക്ക് എന്തൊരു ആശ്വാസം, ഇക്കൊല്ലം അപാര്‍ വേണ്ട
