സ്‌കൂള്‍ തുറപ്പ്, തിരക്കു കുറയ്ക്കാന്‍ ഹമദ് വിമാനത്താവളത്തില്‍ ക്രമീകരണങ്ങള്‍

ദോഹ: മധ്യവേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ തിരക്കു നിയന്ത്രിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഖത്തര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍. തിരക്കൊഴിവാക്കാന്‍ അറൈവല്‍ ടെര്‍മിനലിലുള്ള ഇ ഗേറ്റ് സൗകര്യങ്ങള്‍ പരമാവധി പേര്‍ ഉപയോഗപ്പെടുത്തണമെന്നും നിര്‍ദേശം. ഇന്നലെ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ചുവടെ.

യാത്രക്കാരെ സ്വീകരിക്കാനെത്തുന്നവര്‍ നിര്‍ദിഷ്ട പാര്‍ക്കിങ്ങില്‍ മാത്രമേ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവൂ. ടെര്‍മിനലിന്റെ മുന്‍വശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ പിഴ ഈടാക്കും.

ദോഹയിലെത്തുന്ന യാത്രക്കാരില്‍ 130 സെന്റിമീറ്ററില്‍ കുടുതല്‍ ഉയരമുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്കും ഇ ഗേറ്റ് സംവിധാനം ഉപയോഗുപ്പെടുത്താം.

യാത്രക്കാരുടെ ബാഗുകള്‍ നിര്‍ദിഷ്ട ബെല്‍റ്റുകളില്‍ നിന്ന് ലഭിക്കും. സ്‌ട്രോളറുകള്‍, വീല്‍ ചെയറുകള്‍ തുടങ്ങി അമിത വലുപ്പമുള്ള ബാഗേജുകള്‍ ബെല്‍റ്റ് എ, ബി എന്നിവിടങ്ങളില്‍ നിന്നു മാത്രമാണ് ലഭിക്കുക. വിമാനത്താവളത്തില്‍ നിന്നു പുറത്തേക്ക് ഇറങ്ങുന്നതിനു മുമ്പ് തന്നെ യാത്രക്കാര്‍ ബാഗേജുകള്‍ തങ്ങളുടേത് തന്നെയാണെന്ന് ടാഗുകള്‍ നോക്കി ഉറപ്പാക്കണം. ബാഗേജ് സംബന്ധമായ സഹായങ്ങള്‍ക്ക് അറൈവല്‍ ഹാളിലെ ബാഗേജ് സര്‍വീസ് ഓഫീസിനെ സമീപിക്കാവുന്നതാണ്.

അറൈവല്‍ ഡിപ്പാര്‍ച്ചര്‍ ഹാളുകള്‍ക്ക് സമീപം ഊബര്‍, കര്‍വ ബസ് ഉള്‍പ്പെടെയുള്ള യാത്രാസേവനങ്ങള്‍ ലഭ്യമാണ്. കൂടാതെ ദോഹ മെട്രോയും ലഭ്യമാണ്. കാര്‍ വാടകയ്ക്കും ലഭിക്കും.