സീറോ മലബാര്‍ സഭയ്ക്ക് പുതിയ നാല് അതിരൂപതകളും രണ്ടു പുതിയ ബിഷപ്പുമാരും

കൊച്ചി: സീറോ മലബാര്‍ കത്തോലിക്ക സഭയുടെ നാലു രൂപതകളെ അതിരൂപതകളായി ഉയര്‍ത്താനും മൂന്നിടത്തു പുതിയ മെത്രാന്‍മാരെ നിയമിക്കാനും കൊച്ചി കാക്കനാട് സഭാ ആസ്ഥാനത്തു ചേര്‍ന്ന സിനഡ് തീരുമാനിച്ചു. ഫരീദാബാദ്, ഉജ്ജൈന്‍, കല്യാണ്‍, ഷംഷാബാദ് രൂപതകളെയാണ് അതിരൂപതകളായി ഉയര്‍ത്തിയിരിക്കുന്നത്. മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര, മാര്‍ സെബാസ്റ്റിയന്‍ വടക്കേല്‍, മാര്‍ സെബാസ്റ്റിയന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ എന്നിവരെയാണ് ആര്‍ച്ച് ബിഷപ്പുമാരായി ഉയര്‍ത്തിയത്. ആദിലാബാദ്, ബല്‍ത്തങ്ങാടി രൂപതയ്ക്ക് പുതിയ മെത്രാന്‍മാരെയും നിയമിച്ചു. ഫാ. ജയിംസ് പട്ടേരില്‍ ബല്‍ത്തങ്ങാടി ബിഷപ്പായും ഫാ. ജോസഫ് തച്ചാപറമ്പത്ത് ആദിലാബാദ് ബിഷപ്പായും സ്ഥാനമേല്‍ക്കും. സിനഡ് തീരുമാനങ്ങള്‍ക്ക് വത്തിക്കാന്റെ അംഗീകാരം ലഭിച്ചതോടെ ഇന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലാണ് പുതിയ അതിരൂപതകളുടെയും പുതിയ മെത്രാന്‍മാരുടെയും വിവരങ്ങള്‍ പ്രഖ്യാപിച്ചത്.
നിലവില്‍ ജര്‍മനിയിലെ വുര്‍സ്ബുര്‍ഗ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ പ്രൊക്യുറേറ്ററാണ് ക്ലരീഷ്യന്‍ സന്യാസ സമൂഹാംഗമായ ഫാ. ജയിംസ് പട്ടേരില്‍. ബല്‍ത്തങ്ങാടി രൂപതയില്‍ പട്ടേരില്‍ ഏബ്രഹാമിന്റെയും റോസമ്മയുടെയും മകനാണ് ഫാ. ജയിംസ്. നിലവില്‍ ഛാന്ദാ സിഎംഐ മാര്‍തോമ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സേവനമനുഷ്ഠിക്കുന്ന ഫാ. ജോസഫ് തച്ചാപറമ്പത്ത് സിഎംഐ സന്യാസ സഭാംഗമാണ്. ഇടുക്കി രൂപതയിലെ നാലുമുക്ക് നസ്രത്ത്‌വാലി ഇടവകയില്‍ തച്ചാപറമ്പത്ത് ലൂക്കോസിന്റെയും ഏലിയാമ്മയുടെയും മകനാണ്.