വാഷിങ്ടണ്‍: ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളും പ്രഫഷണലുകളും ഏറ്റവും ആശ്രയിക്കുന്ന അമേരിക്കന്‍ വീസയായ എച്ച് 1 ബി വീസയ്‌ക്കെതിരേ അമേരിക്കയില്‍ പ്രചാരണം ശക്തി പ്രാപിക്കുന്നതില്‍ ഇന്ത്യന്‍ സമൂഹത്തിന് ആശങ്ക. ഏറ്റവും അവസാനം കടുത്ത വിമര്‍ശനവുമായെത്തിയത് ഫ്‌ളോറിഡ സംസ്ഥാനത്തെ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസാണ്. എച്ച്1ബി വീസ അമേരിക്കക്കാരായ തൊഴിലാളികള്‍ക്ക് എതിരാണെന്ന അഭിപ്രായമാണ് ഡിസാന്റിസ് മുന്നോട്ടു വച്ചിരിക്കുന്നത്. വിദഗ്ധ വിദേശ തൊഴിലാളികള്‍ എന്ന പേരില്‍ ഇന്ത്യയില്‍ നിന്നു കുറഞ്ഞ ചെലവില്‍ വിദേശ തൊഴിലാളികളെ എടുക്കാനാണിതു കമ്പനികള്‍ക്ക് അനുമതി നല്‍കുന്നതെന്നും അദ്ദേഹം ആക്ഷേപിക്കുന്നു. ഇതിനു സാമൂഹ്യ മാധ്യമങ്ങളിലും മറ്റും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. കുടിയേറ്റക്കാര്‍ക്കെതിരേ കടുത്ത നിലപാടുകളിലേക്ക് ട്രംപ് പോകുമ്പോള്‍ തന്നെയാണ് വ്യത്യസ്ത മേഖലകളില്‍ നിന്നു ജനവികാരം കുടിയേറ്റക്കാര്‍ക്കെതിരാക്കാന്‍ ശ്രമം നടക്കുന്നത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാവു കൂടിയായ ഡിസാന്റിസിന്റെ പ്രസ്താവന പ്രത്യക്ഷപ്പെടുന്നതിനു തലേന്നാണ് യുഎസ് വാണിജ്യകാര്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്കും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചത്. എച്ച്1ബി വീസയ്ക്കും ഗ്രീന്‍കാര്‍ഡിനുമെതിരേയായിരുന്നു ലുട്‌നിക്കിന്റെ നിലപാട്. വിദേശ തൊഴിലാളികളെ കൊണ്ടുവന്ന് അമേരിക്കക്കാരുടെ തൊഴില്‍ അവസരങ്ങള്‍ തട്ടിയെടുക്കുന്ന അഴിമതിയാണ് എച്ച്1ബി വീസയെന്നും ഇതിനും ഗ്രീന്‍കാര്‍ഡ് പദ്ധതിക്കും മാറ്റങ്ങള്‍ വരുമെന്നുമാണ് ലുട്‌നിക്കിന്റെ വാക്കുകള്‍.
അമേരിക്കയുടെ വ്യക്തമായ നയംമാറ്റത്തിന്റെ സൂചനയാണ് വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ എന്നു സംശയിക്കപ്പെടുന്നു.ഏതു നയംമാറ്റവും ലക്ഷക്കണക്കിനു വിദേശ തൊഴിലാളികളെയും വിദ്യാര്‍ഥികളെയുമായിരിക്കും ബാധിക്കുക. ഇപ്പോള്‍ തന്നെ ട്രംപ് ഭരണകൂടം കടുത്ത നടപടികളിലേക്കു കടക്കുന്നതിന്റെ സൂചനയായി വീസ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പരിഷ്‌കരിച്ചതു ചൂണ്ടിക്കാണിക്കപ്പെടുന്നു. പണ്ടേ പൗരത്വം നല്‍കിയവരുടെ പോലും പെരുമാറ്റദുഷ്യവും സമൂഹത്തിലുള്ള ഇടപെടലുകളും നോക്കി പൗരത്വം പുതുക്കാന്‍ തീരുമാനിച്ചതുമെല്ലാം നയംമാറ്റത്തിന്റെ പ്രാഥമിക സൂചനകളായി വിലയിരുത്തപ്പെടുന്നു.
എച്ച് 1 ബി വീസയ്‌ക്കെതിരേ രോഷം കൊള്ളുന്നവര്‍ ഏറുന്നു, ഇന്ത്യക്കാര്‍ക്ക് ആശങ്ക
