മിനസോട്ടയിലെ കൂട്ട വെടിവയ്പ് നടത്തിയത് ട്രാന്‍സ് വുമണ്‍, ആയുധങ്ങളില്‍ മുദ്രാവാക്യങ്ങള്‍

വാഷിങ്ടണ്‍: അമേരിക്കയിലെ മിനസോട്ടയില്‍ ഒരു കത്തോലിക്ക സ്‌കൂളില്‍ കഴിഞ്ഞ ദിവസം രണ്ടു കുട്ടികളുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയ വെടിവയ്പിലെ അക്രമിയുടെ തോക്കില്‍ കൊത്തി വച്ചിരുന്നതില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യവും. റോബിന്‍ വെസ്റ്റ്മാന്‍ എന്ന ട്രാന്‍സ് വുമണാണ് അക്രമിയെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. അനണ്‍സിയേഷന്‍ സ്‌കൂളില്‍ പ്രാര്‍ഥനാ ചടങ്ങിനിടെയായിരുന്നു ഇവര്‍ തോക്കുമായി കടന്നുവന്ന് തലങ്ങും വിലങ്ങും വെടിവച്ചത്. രണ്ടു കുട്ടികള്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് സ്‌കൂളിലെ പാര്‍ക്കിങ് ഏരിയയില്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്ത നിലയില്‍ ഇവരെ കണ്ടെത്തി.
റോബിന്‍ വെസ്റ്റ്മാന്റെ യൂട്യൂബ് ചാനല്‍ പരിശോധിച്ച പോലീസ് അവിടെ ആയുധങ്ങള്‍ നിരത്തി വച്ചിരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളില്‍ ഏതാനും മുദ്രാവാക്യങ്ങള്‍ കൊത്തിവച്ചിരിക്കുന്നതായാണ് വീഡിയോയിലുള്ളത്. ന്യൂക്ക് ഇന്ത്യ (ഇന്ത്യയെ അണുബോംബിട്ടു നശിപ്പിക്കുക) എന്നതാണ് ഒരു മുദ്രാവാക്യം. ട്രംപിനെ ഇപ്പോള്‍ കൊല്ലണം, ഇസ്രയേലിനെ ചാമ്പലാക്കണം, ഇസ്രയേല്‍ തകരണം, മാഷാ അള്ളാ എന്നിങ്ങനെയാണ് മറ്റുള്ള മുദ്രാവാക്യങ്ങള്‍. നിങ്ങളുടെ ദൈവം എവിടെ, കുട്ടികള്‍ക്കു വേണ്ടി എന്നിങ്ങനെ മറ്റൊരു ആയുധത്തിലുമുണ്ട്. ഇതേ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായിരുന്നു വെസ്റ്റ്മാനെന്നു പറയപ്പെടുന്നു.