ഇന്ത്യയിലെ ബനിയന്‍ തലസ്ഥാനത്തോടു ട്രംപ് ചെയ്ത കടുംകൈ, ഒരു നാട് കേഴുന്നു

ചെന്നൈ: ഇന്ത്യയിലെ ഹൊസിയറി, ടീഷര്‍ട്ട് തുടങ്ങിയവ ഉള്‍പ്പെടെയുള്ള നിറ്റ് വെയര്‍ വ്യവസായത്തിന്റെ ആസ്ഥാനമായ തിരുപ്പൂരിന്റെ നടുവൊടിച്ച് അമേരിക്കയുടെ ഇറക്കുമതി തീരുവയിലെ വര്‍ധന. ആകെ മൂവായിരം കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ നിറ്റ് വെയര്‍ വ്യവസായ മേഖല കണക്കാക്കുന്നത്. ഒരു നാടിന്റെയാകെ ജനജീവിതത്തിന്റെ ആണിക്കല്ലാണ് ഇതു മൂലം ഇളകുന്നത്. തിരുപ്പൂരിലും പരിസരങ്ങളിലുമുള്ള കുടുംബങ്ങളെല്ലാം തന്നെ ഏതെങ്കിലും തരത്തില്‍ നിറ്റ് വെയര്‍ വ്യവസായത്തിന്റെ ഗുണമെടുക്കുന്നവരാണ്.
തിരുപ്പൂരില്‍ നിന്നുള്ള വസ്ത്ര വ്യവസായത്തിന്റ 35 ശതമാനത്തിനും വിപണി അമേരിക്കയിലാണ്. അധിക തീരുവയുടെ പ്രഖ്യാപനം വന്നയന്നു മുതല്‍ പുതിയ ഓര്‍ഡറുകളൊന്നും എടുക്കാന്‍ സാധിക്കുന്നതേയില്ല. ഉല്‍പ്പന്നം കിട്ടാത്ത സാഹചര്യമുണ്ടായാല്‍ അമേരിക്കയിലെ കമ്പനികള്‍ വിലക്കുറവില്‍ ഉല്‍പ്പന്നം കിട്ടുന്ന ബംഗ്ലാദേശ്, വിയറ്റ്‌നാം, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലേക്കു തിരിയുമെന്നുറപ്പാണ്. ഒരിക്കല്‍ വിപണി നഷ്ടമായാല്‍ തിരികെ പിടിക്കുന്നതാകും ഏറെ ബുദ്ധിമുട്ട്. വസ്ത്ര കയറ്റുമതിയില്‍ മികച്ച വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കെയാണ് ഇരുട്ടടി പോലെ തീരുവയിലെ വര്‍ധന എത്തിയിരിക്കുന്നതെന്ന് തിരുപ്പൂര്‍ വ്യവസായ ക്ലസ്റ്ററിന്റെ പ്രതിനിധികള്‍ പറയുന്നു. 2023-24 സാമ്പത്തിക വര്‍ഷം 33400 കോടി രൂപയുടെ ബിസിനസ് നടന്നിരുന്ന സ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 44,747 കോടി രൂപയുടെ കച്ചവടം നടന്ന് വസ്ത്ര മേഖലയാകെ സന്തോഷിച്ചിരിക്കുമ്പോഴാണ് തീരുവയുടെ ആഘാതം വരുന്നതും വിപണി അപ്പാടെ നഷ്ടമാകുന്നതും. ഇംഗ്ലണ്ടുമായി പുതിയ വ്യാപാര കരാര്‍ നിലവില്‍ വന്നാല്‍ മാത്രമേ ഉറച്ച വിദേശ വിപണി ലഭിക്കൂ എന്നാണ് വ്യവസായ പ്രതിനിധികള്‍ പറയുന്നത്.