ആയുധമേന്തി ‘പരമാധികാര പൗരന്‍’, ഇപ്പോഴും ഒളിവില്‍, കാടിളക്കിയുള്ള തിരച്ചില്‍ തുടരുന്നു

വിക്ടോറിയ: രണ്ടു പോലീസുകാരെ വെടിവച്ചു കൊല്ലുകയും ഒരാളെ ഗുരുതരമായി പരിക്കേല്‍പിക്കുകയും ചെയ്ത അക്രമിക്കായി നടത്തുന്ന തിരച്ചില്‍ രണ്ടാം ദിവസവും വിഫലം. ഇപ്പോഴും ഒളിവില്‍ തുടരുന്ന അക്രമിക്കായി വടക്കു കിഴക്കന്‍ വിക്ടോറിയയുടെ ഉള്‍പ്രദേശങ്ങളിലാണ് ഇപ്പോള്‍ തിരച്ചില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇയാളുടെ വീട്ടില്‍ ഒരു തിരച്ചില്‍ നോട്ടീസുമായി എത്തിയ പോലീസിനു നേരെ ഇയാള്‍ നിറയൊഴിക്കുകയായിരുന്നു. ലൈംഗിക പീഢനങ്ങളും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതും അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലുള്ള പോലീസുകാരാണ് ആക്രമിക്കപ്പെട്ടത്. 59 വയസുള്ള പോലീസ് ഡിറ്റക്ടീവും 35 വയസുള്ള കോണ്‍സ്റ്റബിളുമാണ് കൊല്ലപ്പെട്ടത്. രണ്ടാമതൊരു ഡിറ്റക്ടിവിനാണ് വെടിവയ്പില്‍ പരിക്കേറ്റിരിക്കുന്നത്.
അക്രമിയുടെ പേര് ഡെസി ഫ്രീമാന്‍ എന്നാണെന്നു പോലീസ് സ്ഥിരീകരിച്ചു. വിക്ടോറിയ ഭാഗത്തെ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് പ്രത്യേക പത്രക്കുറിപ്പില്‍ അവശ്യപ്പെട്ടിട്ടുണ്ട്. അനാവശ്യ യാത്രകള്‍ എല്ലാവരും ഒഴിവാക്കണമെന്ന് പോലിസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇയാള്‍ അപകടകരമായൊരു ആശയത്തെ പിന്തുടരുന്നതു കൊണ്ടാണ് സുരക്ഷാ നിര്‍ദേശങ്ങളുമായി പോലീസ് രംഗത്തെത്തിയത്. പരമാധികാര പൗരന്‍ എന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്. നിലവിലുള്ള നിയമസംഹിതകള്‍ തനിക്കു ബാധകമല്ലെന്നാണ് ഇയാളുടെ പക്ഷം. അതിനാല്‍ പരമാവധി ആയുധ സജ്ജനായാണ് എപ്പോഴും സഞ്ചരിക്കുന്നതു പോലും.
പരമാധികാര പൗരന്‍ അഥവാ സോവറിന്‍ സിറ്റിസന്‍ എന്ന ആശയത്തില്‍ വിശ്വസിക്കുന്നതിനാല്‍ അടുത്തയിടെ ഒരു കേസിന്റെ വിചാരണയ്ക്കിടിയില്‍ ജഡ്ജിയെ അറസ്റ്റ് ചെയ്യാന്‍ പോലും ഇയാള്‍ മുതിര്‍ന്നിരുന്നതാണ്. അതേ കേസ് അന്വേഷിച്ച പോലീസിനു നേരെയും ഇയാളുടെ അറസ്റ്റ് വാറന്റ് ഉണ്ടായിരുന്നു പോലും.