ഗീലോങ്ങിനടുത്ത് സ്‌കൂള്‍ ബസ് മറിഞ്ഞു, ഒരു വിദ്യാര്‍ഥിനി മരിച്ചു, നിരവധി കുട്ടികള്‍ക്കു പരിക്കേറ്റു

വിക്ടോറിയ: ഗിലോങിനടുത്ത് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരു വിദ്യാര്‍ഥിനി മരിക്കുകയും നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗീലോങ് നഗരത്തിന്റെ പരിധിക്കുപുറത്ത് സ്‌റ്റോണ്‍ഹാവന്‍ എന്ന സ്‌ഥലത്താണ്‌ ഇന്നലെ അപകടമുണ്ടായത്. ഹാമില്‍ടണ്‍ റോഡും ഫ്രണ്ട് ഇന്‍ ഹാന്‍ഡ് റോഡും തമ്മില്‍ സന്ധിക്കുന്ന സ്ഥലത്തിനു തൊട്ടടുത്ത് ബസ് കരണം മറിയുകയായിരുന്നു.
ഉടന്‍ തന്നെ പോലീസും മറ്റു രക്ഷാ പ്രവര്‍ത്തകരും സ്ഥലത്തെത്തിയെങ്കിലും വിദ്യാര്‍ഥിനി സംഭവസ്ഥലത്തു വച്ചു തന്നെ മരണത്തിനു കീഴടങ്ങിയിരുന്നു. പരിക്കേറ്റവരെ അപ്പോള്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. സ്ഥലം പൂര്‍ണമായും പോലീസ് ബന്തവസിലാക്കിയിരിക്കുകയാണ്. ബസില്‍ നാല്‍പതിലധികം വി്ദ്യാര്‍ഥികളാണുണ്ടായിരുന്നത്. ഏറ്റവും ഗുരുതരമായി പരിക്കേറ്റ രണ്ടു വിദ്യാര്‍ഥികളെ എയര്‍ ആംബുലന്‍സില്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലാക്കിയിട്ടുണ്ട്. മറ്റുള്ള വിദ്യാര്‍ഥികളുടെയും പരിക്ക് ഗുരുതരമാണ്. അപകടത്തെ തുടര്‍ന്ന് ഹാമില്‍ടണ്‍ ഹൈവേ ബേണ്‍സൈഡ് റോഡ് മുതല്‍ ഫ്രണ്ട് ഇന്‍ ഹാന്‍ഡ് റോഡ് വരെയുള്ള ഭാഗത്ത് പോലീസ് ഗതാഗതം തടഞ്ഞിരിക്കുകയാണ്. അന്വേഷണം പൂര്‍ത്തിയായ ശേഷമേ ഇതുവഴി ഗതാഗതം പുനരാരംഭിക്കൂ. അതിനാല്‍ ഇതുവഴി പോകേണ്ടവര്‍ ഗീലോങ് റിങ് റോഡ്, പ്രിന്‍സസ് ഹൈവേ, ഇന്‍വര്‍ലേ-വിഞ്ചല്‍സിയ റോഡ് വഴി പോകണമെന്നു പോലീസ് അറിയിച്ചു.