എന്റെ പൊന്നേ എന്തൊരു പോക്കാണിത്. രണ്ടു ദിവസം കൊണ്ടു കൂടിയത് 680 രൂപ, പവന് 75120 രൂപ

തിരുവനന്തപുരം: ഓണഷോപ്പിംഗിലും ചിങ്ങത്തിലെ കല്യാണ സീസണിലെ ഷോപ്പിംഗിലും നെഞ്ചിടിപ്പു കൂട്ടിക്കൊണ്ട് സ്വര്‍ണവില കുതിക്കുന്നു. ഇന്നലെ ഒരൊറ്റ ദിവസം കൊണ്ട് ഒരു പവനു കൂടിയത് 280 രൂപയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ താഴ്ന്നു നിന്ന ശേഷം പിന്നീട് ചെറുതായി വര്‍ധിക്കുകയും അവിടെ നിന്ന് വീണ്ടും താഴുകയും ചെയ്തതാണ് സ്വര്‍ണത്തിന്റെ വില. അവിടെ നിന്നു ചെറിയ തോതില്‍ വര്‍ധന കാണിച്ചു തുടങ്ങിയെങ്കിലും കുതിച്ചു ചാട്ടമുണ്ടായത് കഴിഞ്ഞ രണ്ടു ദിവസം കൊണ്ടാണ്. ഇതോടെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 75120 രൂപയിലെത്തി. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ പോലും ഇന്നലെ 81500 രൂപ കൊടുക്കണമായിരുന്നു.
ഇന്നലത്തേതിനെക്കാള്‍ വര്‍ധനയാണ് മിനിയാന്നുണ്ടായത്. പവന് 400 രൂപയുടെ വര്‍ധന. ഓഗസ്റ്റ് ഒന്നിന് പവന് 73200 രൂപയും ഓഗസ്റ്റ് 20ന് പവന് 73400 രൂപയുമായിരുന്നതാണ് ഇന്നലെ 75120 രൂപയിലേക്കു കുതിച്ചിരിക്കുന്നത്.