ഒരാണ്ടിലെ വളര്‍ച്ചയുടെ മൂന്നിരട്ടി ഒമ്പതു മാസം കൊണ്ട്, വിഴിഞ്ഞം ചരിത്ര നേട്ടത്തിലേക്ക് കുതിക്കുന്നു

തിരുവനന്തപുരം: വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ച് വെറും ഒമ്പതു മാസത്തിനുള്ളില്‍ ആഗോള കടല്‍ ഗതാഗത ചരിത്രത്തില്‍ വിസ്മയമായി വിഴിഞ്ഞം തുറമുഖം മാറുന്നു. ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് പത്തുലക്ഷം കണ്ടെയ്‌നറുകളാണ് വിഴിഞ്ഞം തുറമുഖത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞത്. ആദ്യ വര്‍ഷം വെറും മൂന്നു ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നു പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണ് മുക്കാല്‍ വര്‍ഷം കൊണ്ട് പ്രഖ്യാപിത ലക്ഷ്യത്തിന്റെ മൂന്നിരട്ടിയിലധികം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ഇതു വരെയുള്ള കണക്കുകള്‍ പ്രകാരം 10.2 ലക്ഷം ടിഇയു ആണ് വിഴിഞ്ഞത്ത് വന്നിരിക്കുന്നത്.
ഇത്രയും സമയത്തിനുള്ളില്‍ 400 മീറ്റര്‍ വരെ നീളമുള്ള 27 അള്‍ട്രാ ലാര്‍ജ് കണ്ടെയ്‌നര്‍ വെസലുകള്‍ ഉള്‍പ്പെടെ 460ല്‍ അധികം കപ്പലുകള്‍ തുറമുഖത്തെത്തി. ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലായ എംഎസ്‌സി ഐറിന ഉള്‍പ്പെടെയാണിത്. ചില അള്‍ട്രാ ലാര്‍ജ് കപ്പലുകളാണെങ്കില്‍ ദക്ഷിണേഷ്യയില്‍ ആദ്യമായി ബര്‍ത്ത് ചെയ്യുന്നതു പോലും വിഴിഞ്ഞത്താണ്. കൊളംബോ, സിംഗപ്പൂര്‍, ദുബായ് തുടങ്ങി ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളോടു മത്സരിച്ചാണ് വിഴിഞ്ഞം ഈ നേട്ടം നേടിയിരിക്കുന്നത്.