ഫ്‌ളോറിഡ: ബഹിരാകാശ രംഗത്ത് ഇന്ത്യയിലെ സ്വകാര്യ കമ്പനികള്‍ക്ക് ശ്രദ്ധേയമായ നേട്ടം. രാജ്യത്തെ സ്വകാര്യ മേഖലയില്‍ നിര്‍മിക്കപ്പെട്ട ഉപഗ്രഹങ്ങള്‍ അമേരിക്കയിലെ ഫ്‌ളോറിഡയില്‍ കേപ് കനാവറലില്‍ നിന്നു വിജയകരമായി വിക്ഷേപിച്ചു. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് ഇവയുടെ വിക്ഷേപണം പൂര്‍ത്തിയാക്കിയത്. ബെംഗളൂരു ആസ്ഥാനമായ പിക്‌സല്‍, ഹൈദരാബാദ് ആസ്ഥാനമായ ധ്രുവ സ്‌പേസ് എന്നീ കമ്പനികളാണ് സ്വന്തം ഉപഗ്രങ്ങള്‍ നിര്‍മിച്ചത്. ആഗോള ബഹിരാകാശ വാണിജ്യ രംഗത്തെ വന്‍സാധ്യതകളില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ മുന്നേറ്റമാണ് ഈ വിക്ഷേപണത്തിലൂടെ ലഭിക്കുന്നത്.
പിക്‌സല്‍ നിര്‍മിച്ച മൂന്നു ഫയര്‍ഫ്‌ളൈ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കപ്പെട്ടപ്പോള്‍ ഏതാനും ചെറു ഉപഗ്രഹങ്ങളാണ് ധ്രുവയുടേതായി ബഹിരാകാശത്തെത്തിയത്. കൃത്യമായ വിശദാംശങ്ങളോടെ ഭൂമിയുടെ ഉപരിതലം നിരീക്ഷിക്കാന്‍ വേണ്ട സൗകര്യങ്ങളൊരുക്കിയ ഹൈപ്പര്‍ സ്‌പേക്ടറല്‍ ഇമേജിംഗ് ഉപഗ്രഹങ്ങളാണിവ. കൃഷി, കാലാവസ്ഥാനിരീക്ഷണം, ധാതു പര്യവേഷണം, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളില്‍ ഇവയുടെ പ്രയോജനം ലഭിക്കും. ലോക രാജ്യങ്ങള്‍ക്കും വ്യവസായ മേഖലയ്ക്കും ഉയര്‍ന്ന റെസല്യൂഷനുള്ള തത്സമയ ഡാറ്റ നല്‍കാന്‍ കഴിയുന്ന ഉപഗ്രഹങ്ങളുടെ ഒരു ശൃംഖലയാണ് പികസല്‍ വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ആശയ വിനിമയം, ഭൗമനിരീക്ഷണം എന്നിവയാണ് ധൃവയുടെ ഉപഗ്രഹങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്.
ഭൂമിയും ആകാശവും കടന്ന് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ബഹിരാകാശത്ത് ചരിത്രമെഴുതുന്നു, അഭിമാന നിമിഷം
