സക്കര്‍ബര്‍ഗിന്റെ വീടുപണി തീരുന്നേയില്ല, പണി കിട്ടിയ നാട്ടുകാര്‍ക്കു സമ്മാനം പിന്നാലെ

കാലിഫോര്‍ണിയ: അമേരിക്കയിലെ സിലിക്കണ്‍ വാലിയുടെ പേറ്റുപുര എന്നു വിളിക്കപ്പെടുന്ന പാലോ ആള്‍ട്ടോയില്‍ നാട്ടുകാര്‍ക്കു മുഴുവന്‍ തലവേദനയായി മാറിയിരിക്കുകയാണ് ഡിജിറ്റല്‍ വസന്തത്തിന്റെ നായകരിലൊരാളായ മാര്‍ക്ക് സക്കര്‍ബര്‍ഗ്. കാലിഫോര്‍ണിയ സ്‌റ്റേറ്റിലെ ഏറ്റവും ശാന്തമായ റസിഡന്‍ഷ്യല്‍ ഏരിയകളിലൊന്ന് എന്നു വിളിക്കപ്പെടുന്ന പാലോ ആള്‍ട്ടോയിലാണ് മെറ്റ സിഇഒ സക്കര്‍ബര്‍ഗിനും വീടുള്ളത്.
വീട് എന്നല്ല വീടുകള്‍ എന്നാണ് വിളിക്കേണ്ടതെന്നു മാത്രം. ആ ഭാഗം കിട്ടുന്നത്ര വീടുകള്‍ സക്കര്‍ബര്‍ഗ് തന്നെയാണ് വാങ്ങുന്നത്. വാങ്ങിക്കഴിഞ്ഞാലുടന്‍ അതില്‍ പണികള്‍ തുടങ്ങും. നാടുമുഴുവന്‍ പൊടിയും ശബ്ദകോലാഹലവും മാത്രം. ഇതിനെതിരേ നാട്ടുകാര്‍ മുഴുവന്‍ പ്രതിഷേധത്തിലാണ്. പ്രതിഷേധം തണുപ്പിക്കാന്‍ സക്കര്‍ബര്‍ഗ് കണ്ടെത്തിയ മാര്‍ഗമാണ് നാട്ടുകാരുടെ പരിഹാസത്തിനു പാത്രമായിരിക്കുന്നത്. ശബ്ദമാണു പ്രശ്‌നമെങ്കില്‍ അസുഖകരമായ ശബ്ദങ്ങളൊന്നും കേള്‍ക്കാതെ ജീവിക്കാന്‍ വേണ്ടി എല്ലാവര്‍ക്കും നോയിസ് കാന്‍സലേഷന്‍ ഹെഡ്‌ഫോണുകള്‍ നല്‍കിയാണ് സക്കര്‍ബര്‍ഗ് പരാതിയെ പ്രതിരോധിച്ചത്. അതായത് ഹെഡ്‌ഫോണ്‍ ഓണാക്കിയാല്‍ പിന്നെ പുറത്തെ ശബ്ദമൊന്നും കേള്‍ക്കില്ല, പകരം പാട്ടുകളും പോഡ്കാസ്റ്റുകളുമൊക്കെ ഒഴുകി വന്നുകൊള്ളും.
നേരത്തെയും സമ്മാന നയതന്ത്രം ഇയാള്‍ സ്വീകരിച്ചിരുന്നതാണ്. അപ്പോഴൊക്കെ ഡോനട്‌സ് പോലെ കഴിക്കാന്‍ കൊള്ളാവുന്ന വസ്തുക്കളായിരുന്നു സമ്മാനമായി നല്‍കിയിരുന്നത്. ആദ്യം പാലോ ആള്‍ട്ടോയില്‍ വലിയ നിര്‍മാണപ്രവര്‍ത്തനങ്ങളായിരുന്നു സക്കര്‍ബര്‍ഗ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അതിന് അധികൃതര്‍ വിലക്കു പ്രഖ്യാപിച്ചതോടെയാണ് ലഘുവായ കൂട്ടിച്ചേര്‍ക്കലുകള്‍ എന്ന പേരില്‍ ഓരോ വീടുകളിലായി എന്നും പണി തുടങ്ങിയത്. അതിനെതിരേയാണ് നാട്ടുകാര്‍ ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.